Monday, January 31, 2011

പെയ്തു തീരാത്ത മഴ... ///കഥ


ഒരു മഴക്കാലം...
തിമിര്‍ത്തു പെയ്യുന്ന മഴ തികച്ചും കലുഷിതമായി കഴിഞ്ഞിരിയ്ക്കുന്നു.
പ്രളയകെടുതിയില്‍ നാട്ടില്‍ സര്‍വ്വനാശം
പോലീസിനും,ഫയര്‍ഫോര്‍സിനുമെല്ലാം ഊണും ഉറക്കവുമില്ലാത്ത രാപകലുകള്‍.
ഒടുവില്‍ കേന്ദ്രസേനയുടെ സേവനം.
മഴ തുടര്‍ന്നു കൊണ്ടേയിരുന്നു...
ഫ്ളാറ്റില്‍ വിശ്രമിച്ചു കൊണ്ടിരിയ്ക്കെ സബ് കളക്ടര്‍ പ്രകാശ്മേനോന്‍ ന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു.
മറുതലയ്ക്കല്‍ ജില്ലാകളക്ടര്‍.
പ്രകാശ് മേനോന്‍ അത് അറ്റന്‍ഡ് ചെയ്തു.
''യെസ് സര്‍.........ഓ...വെരി ബാഡ്ന്യൂസ്...'' അയാളുടെ നെറ്റി ചുളിഞ്ഞു.
അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു
ഒകെ.. സര്‍......അയാം റെഡി....വിത്തിന്‍ വണ്‍ അവര്‍...ഐ വില്‍ ബി ദേര്‍...ഓകെ സര്‍...''
പ്രകാശ് മേനോന്‍ ലൈന്‍ കട്ട് ചെയ്തു.
ദേവപ്രിയ ആവി പറക്കുന്ന ചായയുമായി ഭര്‍ത്താവിനരുകിലെത്തി. ചായ ഒരു കവിള്‍ കുടിച്ച ശേഷം അയാള്‍ പറഞ്ഞു.
''കുടിയാന്മലയില്‍ ഉരുള്‍പൊട്ടല്‍.മറ്റുദ്യോഹസ്ഥരും,ഫോര്‍സുമെല്ലാം അങ്ങോട്ട് നീങ്ങിയിരിയ്ക്കുകയാണു. എനിയ്ക്കും ഇപ്പോള്‍ തന്നെ പുറപ്പെടണം...''
അവളുടെ മുഖത്ത് ഒരു നേരിയ വിഷമമുണ്ടായി.
ടെലിവിഷനില്‍ പ്രളയകെടുതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഫ്ളാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു
ഇതിനിടയില്‍ പ്രകാശ് മേനോന്‍ വസ്ത്രം മാറി വന്നു. കപ്പിലെ ചായ അല്‍പ്പംകൂടി കഴിച്ചു കൊണ്ട് ദേവപ്രിയയുടെ കവിളില്‍ ഒരു ചെറുചുമ്പനം നല്‍കി അയാള്‍ ശബ്ദം താഴ്ത്തി ചെവിയില്‍ മന്ത്രിയ്ക്കും പോലെ പറഞ്ഞു. ''സോറി മോളേ....'
പിന്നെ വേഗം അയാള്‍ പുറത്തേയ്ക്ക് പോയി.
മക്കളായ അഖിലും,അമ്മുവും അവര്‍ക്കുള്ള പ്രത്യേക മുറിയില്‍ ഹോം വര്‍ക്ക് ചെയ്ത് കൊണ്ടിരിന്നു.
പുറത്ത് കാറ്റ് ആഞ്ഞു വീശി.
രാത്രി വളരെ വൈകിയും പ്രകാശ് വന്നില്ല.
ഇടയ്ക്ക് പ്രകാശിന്റെ കോള്‍ വന്നു. ദേവപ്രിയ അത് അറ്റന്റുക് ചെയ്തു. പ്രകാശ് ഇന്നു വരികയില്ലത്രെ.ചിലപ്പൊള്‍ നാളെയും.
''ഡാഡി എപ്പഴാ വരിക മമ്മീ...''
മക്കള്‍ ചോദിച്ചു.
''ഡാഡിയ്ക്ക് ജോലിതിരക്കാ...ഇന്നു വരില്ല മക്കളെ...''
അവര്‍ മൂവരും അത്താഴം കഴിച്ചു കിടന്നു.
രാത്രി എപ്പോളോ അവളൊന്നു മയങ്ങിയതേയുള്ളൂ. പുറത്ത് എന്തോ ഒരു ശബ്ദം കേട്ടു. ആരോ വാതിലില്‍ ശക്തിയായി തട്ടുന്നു. ദേവപ്രിയ ഡോറിലെ ലെന്‍സിലൂടെ പുറത്തെയ്ക്ക് നോക്കി പക്ഷെ പുറത്ത് ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെയും വാതില്‍ക്കല്‍ ശബ്ദം കേട്ടു.
അവള്‍ തെല്ലുഭയത്തോടെ വാതില്‍ തുറന്നു.
ചാന്ദ്നി മോളായിരുന്നു അത്. ആറു വയസ്സു മാത്രം പ്രായമുള്ള ചാന്ദ്നിമോള്‍ തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിയ്ക്കുന്ന ആര്‍ക്കിടെക്റ്റല്‍ എഞ്ചിനിയര്‍ ഹരിക്രിഷ്ണന്റെ ഏകമകളായിരുന്നു.
ദേവപ്രിയ ഒന്നമ്പരന്നു. ചാന്ദ്നിമോളുടെ മുഖത്ത് ഉറക്കചടവും വല്ലാത്തൊരു ഭീതിയും നിഴലിച്ചിരുന്നു.
''എന്താ മോളേ...'' ഉദ്വേഹപൂര്‍വ്വം അവള്‍ തിരക്കി.
''പപ്പയ്ക്ക് നല്ല പനിയാ ആന്റീ....''ആന്റിയൊന്നു വര്വോ....''
വാതില്‍ ഭദ്രമായി അടച്ച ശേഷം ദേവപ്രിയ ചാന്ദിനിമോള്‍ക്കൊപ്പം ഹരിക്രിഷ്ണന്റെ ഫ്ളാറ്റിലേയ്ക്ക് ചെന്നു.
ഹരിക്രിഷ്ണന്‍ ബെഡില്‍ തീര്‍ത്തും അവശനായി കാണപെട്ടു. അയാള്‍ നന്നായി പനിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ സാമീപ്യം അയാള്‍ക്കൊരാശ്വാസമായതു പോലെ പതിയെ ഒന്നു പുഞ്ചിരിച്ചു.
''ദേവൂ.........''
''ഡോക്ടറെ വിളിയ്ക്കണോ ഹരി...''അവള്‍ ചോദിച്ചു.
''വേണ്ട ഞാന്‍ മരുന്ന് കഴിച്ചു... ഒന്നുറങ്ങി കിട്ടിയിരുന്നെങ്കില്‍.....''
അയാള്‍ പറഞ്ഞ് മുഴുമിയ്ക്കും മുമ്പേ അവള്‍ പറഞ്ഞു.
'' ഞാന്‍ കുറച്ച് ചുക്ക്കാപ്പി എടുക്കാം. അത് കുടിച്ചു കിടന്നാല്‍ നല്ല ആശ്വാസം കിട്ടും...'' ദേവപ്രിയ അടുക്കളയിലേയ്ക്ക് നടന്നു.
കര്‍ട്ടനും,ജാലകത്തിനുമപ്പുറം വെള്ളിനൂലുകള്‍ പോലെ മഴ ഭൂമിയിലേയ്യ്ക്ക് പതിയ്ക്കുന്നത് കാണാമായിരുന്നു.
ദേവപ്രിയ പെട്ടെന്നു തന്നെ കാപ്പിയുമായി വന്നു.
''ദേവൂ.. പ്രകാശ്....? അയാള്‍ തിരക്കി.
പ്രകാശ് അടിയന്തിരമായി ജോലിയ്ക്ക് പോയ കാര്യം അവള്‍ അയാളോട് പറഞ്ഞു.
കാപ്പി അല്‍പ്പം കഴിച്ച് നന്ദിപുരസരം അയാള്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.''താങ്ക്സ് ദേവൂ...'' ''ഞ്ഞാന്‍ പൊയ്ക്കോട്ടെ...''അവള്‍ ചോദിച്ചു.
''ഓ..കെ ദേവൂ...''അയാള്‍ പറഞ്ഞു.
സമീപം നിന്നിരുന്ന ചാന്ദിനിമോളുടെ കവിളില്‍ തലോടി അവള്‍ പറഞ്ഞു.''മോള്‍ വിഷമിയ്ക്കണ്ടാ..ട്ടോ...ഉറങ്ങിയ്ക്കോ..പപ്പയ്ക്ക് സുഖമാവും...''
ചാന്ദിനിമോള്‍ കുഞ്ഞിപല്ല് കാട്ടി ചിരിച്ചു.
ദേവപ്രിയ അവരുടെ ഫ്ളാറ്റിലേയ്ക്ക് മടങ്ങി പോയി.
സ്കൂള്‍ തലം മുതല്‍ കാമ്പസ് ജീവിതകാലം വരെ അവര്‍ ഒരുമിച്ചായിരുന്നു പഠിച്ചത്.ആ കാലഘട്ടത്തില്‍ കാമ്പസിന്റേതായ വിവിധ പ്രവ്ര്‍ത്തനങ്ങളില്‍ അവര്‍ സാരഥ്യം വഹിച്ചിരുന്നു. പിന്നെ കാലം അവരെ ഓരോ ദിക്കിലേയ്ക്ക് നയിച്ചു. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ തമ്മില്‍ കണ്ട് മുട്ടുന്നത് ഈ ഫ്ളാറ്റ് ജീവിതം തുടങ്ങുമ്പോഴാണു.
ഹരിക്രിഷ്ണന്റെ ഭാര്യ രഞ്ജിനി അയര്‍ലന്റില്‍ ഡോക്ടറാണു. അവര്‍ക്കൊരു മോളുണ്ടങ്കിലും അവര്‍ തമ്മില്‍ നല്ല മനപൊരുത്താമുണ്ടായിരുന്നില്ല. അതു കാരണമാണു അവര്‍ തമ്മില്‍ രണ്ട് സ്ഥലത്ത് ജീവിയ്ക്കാനുണ്ടായ സാഹജര്യം ഉണ്ടായതും.എങ്കിലും രഞ്ജിനി ഇടയ്ക്ക് അവധിയ്ക്ക് വരും.ആഘോഷങ്ങളും,ആരവങ്ങളൊന്നുമിള്‍ല്ലാത്ത വെറുമൊരു ജീവിതം. ഹരിക്രിഷ്ണനും,പ്രകാശ്മേനോനും നല്ല സുഹ്ര്‍ത്തുക്കളായി. നല്ല സഹകരണത്തോടെ ഇരു കുടുമ്പവും കഴിഞ്ഞു പോന്നു.
പിറ്റേന്ന് രാവിലെ കനത്ത മഴ ജനജീവിതം താറുമാറാക്കി. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
ദേവപ്രിയ എഴുന്നേല്‍ക്കാന്‍ താമസിച്ചു. കുട്ടികള്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല.
ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍ കുടിയാന്മലയില്‍ നിന്നുള്ള ന്യൂസ് വന്നു. രക്ഷാപ്രവൃത്താനങ്ങള്‍ പുരോഗമിയ്ക്കുന്നു. മഴകോട്ട് ധരിച്ച് പ്രകാശും മറ്റുദ്യോഹസ്ഥരും എല്ലാറ്റിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.
ഹരിക്രിഷ്ണനും എഴുന്നേറ്റു ഇപ്പോള്‍ പനിയല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഒരു ഷാളെടുത്ത് ശരീരത്ത് ചുറ്റി അയാള്‍ ജനാലയ്ക്കരുകില്‍ വന്നു നിന്നു. അപ്പോഴും തോരാത്ത മഴ ജനാല ചില്ലിലൂടെ കാണാമായിരുന്നു. അയാള്‍ അയാള്‍ അല്‍പ്പനേരം അതിന്റെ ഭംഗിയാസ്വദിച്ച് നിന്നു. കാളിംങ്ങ്ബെല്‍ ശബ്ദിയ്ക്കുന്നു
അയാള്‍ ചെന്ന് വാതില്‍ തുറന്നു. ദേവപ്രിയയായിരുന്നു.
അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. ഒരു പുഞ്ജിരിയോടെ അയാള്‍ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.
''വരൂ..ദേവപ്രിയ...''
ഒരു ചെറുപുഞ്ജിരിയോടെ അവള്‍ അകത്തെയ്ക്ക് വന്നു.
''ഇപ്പോള്‍ എങ്ങനെയുണ്ട് പനി...''അവള്‍ തിരക്കി.
''നല്ല ആശ്വാസം...'' അയാള്‍ മറുപടി പറഞ്ഞു.
അയാള്‍ വീണ്ടും ആ ജനാലയ്ക്കരുകിലെത്തി. ഒപ്പം ദേവപ്രിയയും.
പുറത്ത് പെയ്യുന്ന മഴയുടെ ഭംഗി അയാളവള്‍ക്ക് കാണിച്ചു കൊടുത്തു.
''മഴയ്ക്കുമുണ്ട് വിവിധ ഭാവങ്ങള്‍...ചില മഴ ഭൂമിയെ തന്നെ ഇല്ലാതാക്കും. പക്ഷെ! ഈ ജനാലയ്ക്കപ്പുറം പെയ്യുന്ന മഴ ഒരു തരം നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു...''
അവള്‍ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
''ദേവൂ ...''അയാള്‍ പതിയെ വിളിച്ചു.
അവളൊന്നു മൂളി.
അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.
''ഓര്‍ക്കുന്നില്ലേ... നമ്മുടെയാ പഴയ കാലം. ഇത് പോലൊരു മഴയത്താണു നമ്മള്‍ തമ്മില്‍ പരിചയപെട്ടത്''
അവളും അതോര്‍ക്കാന്‍ ശ്രമിച്ചു. അയാളുടെ കണ്ണുകളില്‍ നേരിയ നനവ് പടരുന്നുണ്ടായിരുന്നു.
''ഹരീ... അവള്‍ പതിയെ വിളിച്ചു.
''ആ കാലത്ത് ദേവുവിനു എന്തെങ്കിലും എന്നോട് പറയാനുണ്ടായിരുന്നുവോ...?
''ഹരീ.. ഞാന്‍...അവള്‍ മുഖം കുനിച്ചു.
''നിന്റെ കണ്ണുകളില്‍ ഞാന്‍ വായിച്ചിരുന്നു പലപ്പോഴും...''
അയാള്‍ തുടര്‍ന്നു.
''ഒരു മയില്‍പീലി പോലെ ഞാന്‍ ഇന്നും സൂക്ഷിയ്ക്കുന്നുണ്ട്..എന്റെ ഹൃദയത്തില്‍...''
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അവളും ഒന്ന് വിതുമ്പാന്‍ വെമ്പി.
പുറത്ത് മഴയുടെ ഏങ്ങലടികള്‍ക്കൊപ്പം അവരുടെ സങ്കടങ്ങള്‍ പെയ്തിറങ്ങി.
അവള്‍ അധികനേരം അവിടെ നിന്നില്ല.
മുറിയിലേയ്ക്ക് വന്ന അവള്‍ കട്ടിലില്‍ കിടന്നു ശബ്ദമില്ലാതെ തേങ്ങി.
പ്രകാശ് അന്നും വന്നില്ല. ഇടയ്ക്ക് വിളിച്ചു. ചിലപ്പോള്‍ ഇനിയൊരു ദിവസം കൂടി വൈകിയേക്കുമത്രെ. മലവെള്ളപച്ചിലില്‍ ഒലിച്ചു പോയ മനുഷ്യശരീരങ്ങള്‍ ഇനിയും ലഭിയ്ക്കാനുണ്ട്.
അന്നു രാത്രിയും അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. ആ പഴയകാലസ്വപ്നങ്ങള്‍ അവളുടെ ചിന്തകളെ തഴുകികൊണ്ടിരുന്നു.
താനും ഹരിയെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷേ മനസ്സ് തുറക്കാന്‍ ഇരുവരും എന്തേ ഒരുപാട് വൈകിപോയി...
കാലാന്തരത്തില്‍ ഒരു പുതിയ ജീവിതത്തിലേയ്ക്ക് വന്നപ്പോള്‍ വികലമായി കിടന്നിരുന്ന മനസ്സിനെ സ്നേഹം കൊണ്ട് വീര്‍പ്പ്മുട്ടിച്ചുറക്കിയത് പ്രകാശാണു. പിന്നെ താന്‍ ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍........
ഇല്ല ...മനസ്സ് കൈ വിട്ടു പോകാന്‍ പാടില്ല... അവളങ്ങനെ സമാധാനിച്ചു.
ആ രാത്രിയും കടന്നു പോയി.
പിറ്റേന്ന് മഴയല്‍പ്പം കുറഞ്ഞു ഇപ്പോള്‍ നേരിയ ചാറ്റല്‍മഴ മാത്രം.
ദേവപ്രിയ കുളിച്ച് നല്ലൊരു സാരിയെടുത്തണിഞ്ഞു. കുട്ടികള്‍ അവരുടെ പഠനമുറിയില്‍ കളിച്ചുകൊണ്ടിരുന്നു.
അവള്‍ ഹീറ്റര്‍ കൊണ്ട് മുടിയുണക്കികൊണ്ടിരിയ്ക്കേ കോളിങ്ങ് ബെല്‍ മുഴങ്ങി.
പ്രകാശ് എത്തിയിരിയ്ക്കുന്നു.
അവള്‍ പെട്ടെന്ന് ചെന്ന് വാതില്‍ തുറന്നു.
വാതില്‍ക്കല്‍ ഹരിക്രിഷ്ണനായിരുന്നു.
അവളില്‍ ചെറിയൊരു നടുക്കമുണ്ടായി.
അയാള്‍ അകത്തേയ്ക്ക് വന്നു. അവള്‍ക്കഭിമുഖമായി നിന്നു.
''ദേവൂ...അയാള്‍ വിളിച്ചു.
അവള്‍ മുഖം താഴ്ത്തിയങ്ങനെ തന്നെ നിന്നു.
അയാള്‍ തുടര്‍ന്നു
''എന്തേ..ഒന്നും പറഞ്ഞില്ല...''
അവള്‍ ദയനീയമായി അയാളുടെ മുഖത്തേയ്ക്ക് നോക്കി.
അവളുടെ കണ്ണുകളില്‍ നോക്കി അയാള്‍ ചോദിച്ചു.
''ഒരിയ്ക്കലെങ്കിലും എന്നെ ഇഷ്ടപെട്ടിരുന്നോ...നീ..''
അതിനു മറുപടി ഒരു കരച്ചിലോടെ അവള്‍ അയാളുടെ മാറിലേയ്ക്ക് വീണു.
അയാളവളുടെ ആടിയുലഞ്ഞ് കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി.
അയാളുടെ കണ്ണുകളിലും നിലയ്ക്കാത്ത ലാവാപ്രവാഹം.
എത്ര നേരം അവരങ്ങിനെ നിന്നുവെന്നറിയില്ല. ഒരു സ്ഥലകാലബോധമുണ്ടായതു പോലെ അവള്‍ കുതറി മാറി.
അയാളും ഒന്നു പകച്ചു.
''തെറ്റാണു ഇത്...'' അവള്‍ തേങ്ങി.
''ഇപ്പോള്‍ ഒരാശ്വാസമുണ്ട്...ഇത്രയും നാള്‍ മനസ്സില്‍ അടക്കി പിടിച്ച ഒരു പെരും മഴ പെയ്തൊഴിഞ്ഞിരിയ്ക്കുന്നു''...
ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് അയാള്‍ പറഞ്ഞു.
''ഇനി എന്റെ രഞ്ജിനിയെ എനിയ്ക്ക് സ്നേഹിച്ചു തുടങ്ങണം''
വിടര്‍ന്ന കണ്ണുകളോടെ അവള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
ആ കണ്ണുകളില്‍ ഒരു ശുഭപ്രതീക്ഷയുടെ പൊന്‍ തിളക്കം...
അപ്പോഴും പുറത്ത് മഴ നിലച്ചിരുന്നില്ല.

No comments:

Post a Comment