Sunday, January 23, 2011

നിലാവ് ദൂരെ... -കഥ

നിലാവ് വിരിച്ച പാതയോരത്തേയ്യ്ക്ക് കണ്ണും നട്ട് കൊച്ചുകല്ല്യാണി ജോലി കഴിഞ്ഞെത്തുന്ന അഛനെയും പ്രതീക്ഷിച്ച് ഉമ്മറകോലായില്‍ കാത്തിരുന്നു.
മുറ്റത്ത് തുളസിതറയില്‍ സന്ധ്യാദീപം എരിഞ്ഞു കൊണ്ടിരുന്നു.
അകത്ത് മുറിയില്‍ നിന്നും ചങ്ങലയുടെ കിലുക്കം. അമ്മ ഉറങ്ങിയിട്ടില്ല. ഇട്യ്യ്ക്കിട്യ്യ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
''എടീ...നിന്റെ തന്ത വന്നില്ല്യേടീ... ഇതുവരെ''.
അകത്തുനിന്നും അമ്മയുടെ ചോദ്യം.
അവള്‍ മറുപടി ഒന്നും തന്നെ പറഞ്ഞില്ല.
ഒരു വീഴ്ചയില്‍ തലയ്ക്കേറ്റ ക്ഷതമാണു അമ്മയെ ഇത്തരത്തിലൊരു മനോരോഗിയാക്കിയത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ആശുപത്രിയിലും കുറെ ചികിത്സിച്ചു പിന്നെ ആശുപത്രി അധൃകൃതരുടെ ഉപദേശപ്രകാരം വീട്ടിലേയ്ക്ക് കൊണ്ട് പോന്നു. ഈ വിഷമതകളിലാണു സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരനായ അഛന്‍ ഒരു മദ്യപാനിയായതും. ഇന്നും അഛന്‍ കുടിച്ചിട്ടുണ്ടാവും അതാണു ഇത്രയും താമസിയ്ക്കുന്നത്.
അവള്‍ തന്റെ മുറിയിലേയ്യ്ക്ക് പോയി.
ആ നാട്ടില്‍ തന്നെയുള്ള മോഹനനുമായി അവളുടെ വിവാഹം പറഞ്ഞു വെച്ചിരിയ്ക്കുകയാണു. ഗള്‍ഫിലുള്ള മോഹനന്‍ ഇനി ആറു മാസം കഴിഞ്ഞെത്തും. ശേഷം ഇവര്‍ തമ്മില്‍ വിവാഹിതരാകും.
അവള്‍ പതിയെ കട്ടിലില്‍ കിടന്നു. ഇപ്പോഴും അമ്മയുടെ മുറിയില്‍ നിന്ന് ചില ശബ്ദങ്ങള്‍ ഇപ്പോഴും കേള്‍ക്കാം...
കൊച്ചുകല്ല്യാണിയുടെ കണ്ണുകളില്‍ നിദ്ര പതിയെ തഴുകി.
''മോളേ കൊച്ചൂ.......''പുറത്ത് നിന്ന് അഛന്റെ കുഴഞ്ഞ സ്വരം. പാതിമയക്കത്തില്‍ നിന്നും കൊച്ചുകല്ല്യാണി ഞെട്ടിയെണീറ്റു. ചില അടക്കിപിടിച്ച സംസാരവും കേള്‍ക്കാമായിരുന്നു.
അവള്‍ വാതില്‍ തുറന്നു. പുറത്ത് ആടി കുഴഞ്ഞ് അഛന്‍. ഒപ്പം മറ്റൊരാള്‍കൂടിയുണ്ടായിരുന്നു.ആദ്യം മനസിലായില്ലങ്കിലും അയാള്‍ വെളിച്ചത്തിലേയ്ക്ക് വന്നപ്പോള്‍ തിരിച്ചറിഞ്ഞു. 'രാമനുണ്ണിമാമന്‍'. അഛന്റെ ആത്മസ്നേഹിതന്‍.വളരെ പ്രഗല്‍ഭനായ നാടക സംവിധായകനും,രചയിതാവുമായ അദ്ദേഹം ഒരു ദാമ്പത്യപരാജയത്തെ തുടര്‍ന്ന് പിന്നീടൊരു വിവാഹ ജീവിതത്തിനു മുതിരാതിരുന്ന അയാള്‍ക്ക് വയസ്സ് അമ്പതിനോടടുത്തിരുന്നു. മകളെന്നപോലെ വാല്‍സല്ല്യമാണു കൊച്ചുകല്ല്യാണിയോട്.അഛനെ പോലെ ഒരിയ്ക്കലും മദ്യപിയ്ക്കുമായിരുന്നില്ല. ബന്ധുജനങ്ങളുമായി അകന്നു കഴിഞ്ഞിരുന്ന അവര്‍ക്ക് അദ്ദേഹത്തിന്റെ സാനിധ്യം ഒരു ആശ്വാസമായിരുന്നു. ഇടയ്ക്ക് വരുമ്പോഴൊക്കെ ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടു വരും.
''മോളേ... അഛനൊരല്‍പ്പം കഴിച്ചു...''വീണ്ടും അഛന്റെ കുഴഞ്ഞ സ്വരം.
രാമനുന്‍ണ്ണിമാമന്‍ അഛന്റെ കൈ പിടിച്ച് വീടിനകത്തേയ്യ്ക്കാനയിച്ചു. പരിഭവത്താല്‍ അവളങ്ങനെ തന്നെ നിന്നു. അമ്മ ഇതിനകം ഉറക്കം പിടിച്ചിരുന്നു.
ദിവസങ്ങള്‍ മാസങ്ങള്‍ അങ്ങനെ കടന്നു പോയി....
കലണ്ടറില്‍ അവള്‍ അക്കങ്ങള്‍ക്ക് അടിവരെയിട്ടു കൊണ്ടിരുന്നു.മോഹനന്‍ അവധിയ്ക്ക് വരാന്‍ ഇനി നാലു മാസം ബാക്കി.
രാമനുണ്ണിമാമന്‍ ഇടയ്ക്കിടെ വന്നു പോയി. അമ്മയ്ക്കും വലിയ കാര്യമാണു മാമനെ. കൊണ്ട് വരാറുള്ള സാധനങ്ങളില്‍ അമ്മയ്ക്കുമൊരു പങ്കുണ്ടാവും.ഇരുവരും ഒരുപാട് വര്‍ത്തമാനങ്ങള്‍ പറയും. അമ്മയ്ക്കപ്പോള്‍ ഒരസുഖവുമുണ്ടന്ന് തോന്നുകേയില്ല. ഒരു സഹോദരനെന്ന പോലെ അമ്മയ്ക്കും വലിയ ഇഷ്ട്മാണു മാമനെ.
പിന്നീടും ഒരു ദിവസം അഛന്‍ വളരെ വൈകി. കാത്തിരുന്ന് അവളുടെ കണ്ണു കഴച്ചു.അമ്മയ്ക്ക് ഭക്ഷണവും,മരുന്നും കൊടുത്ത ശേഷം അവള്‍ പതിവു പോലെ പാതയോരത്തേയ്യ്ക്ക്ക്ക് മിഴികള്‍ നട്ടു. ഏറെ നേരം കഴിഞ്ഞിട്ടും അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പതിയെ അവള്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
രാത്രിയുടെ യാമങ്ങളില്‍ പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. ഉറക്കത്തിലെപ്പോഴോ വീടീനു പുറത്ത് റോഡില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടാണു അവള്‍ ഉണര്‍ന്നത്. പൊടുന്നനെ അവള്‍ എഴുന്നേറ്റ് ജാലക പാളിയിലൂടെ പുറത്തേയ്ക്ക് നോക്കി. ആ ഇരുട്ടിലും നിഴലുപോലൊരാള്‍ വീടിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്ന് വരുന്നുണ്ടായിരുന്നു.അവള്‍ വല്ലാതെ ഭയപെട്ടു. ആ രൂപം മുറ്റത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമായി രാമനുണിമാമനാണു വന്നിരിയ്ക്കുന്നത് അവളില്‍ വല്ലാത്തൊരമ്പരപ്പുണ്ടായി. 'അഛനും ഇതുവരെ വന്നിട്ടില്ലേ' അവള്‍ മുറിയിലെമ്പാടുമൊന്നു പരതി. അവളില്‍ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല.
വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. അമ്മ അപ്പോഴും ശാന്തമായി ഉറങ്ങുകയായിരുന്നു. അവള്‍ ചെന്ന് വാതില്‍ തുറന്നു.അയാളുടെ മുഖത്ത് ഒരു തരം ദയനീയത നിഴലിച്ചിരുന്നു. ആ ഭാവത്തിലും ചെറുതായൊന്ന് പുഞ്ചിരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടയാള്‍ അകത്തേയ്ക്ക് വന്നു. ''അഛന്‍....''?
അയാള്‍ മുഖം താഴ്ത്തി.
''വിഷമിയ്ക്കരുത്... അഛന്‍...................'' അത്രയും പറയുന്നതിനു മുമ്പേ അവള്‍ ചോദിച്ചു.
''എന്താ എന്തു പറ്റിയെന്റെയഛന്‍....''
''ഒന്നുമില്ല ചെറിയൊരപകടം.....''ദു;ഖഭാരത്തോടെ അയാള്‍ അത്രയും പറഞ്ഞു.
''എന്താ...മാമാ എന്താ പറ്റിയെ.......''തികട്ടി വന്ന സങ്കടം ഉള്ളില്‍ ഉള്ളില്‍ ഒതുക്കി അവള്‍ തിരക്കി.
''ജോലി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് പിന്നിലൂടെ വന്ന ഒരു വാന്‍ തട്ടി വീഴ്ത്തുകയായിരുന്നു.....ഇപ്പോള്‍ ആശുപത്രിയിലാണു...നാളെ രാവിലെ വരും...''
പിന്നെ അവള്‍ ഒന്നും ചോദിച്ചില്ല.
അയാള്‍ക്ക് കടുംകാപ്പി ഉണ്ടാക്കി നല്‍കി അവള്‍ തന്റെ മുറിയിലേയ്ക്ക് പോയി. നേരം പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ടായിരുന്നു.രാമനുണ്ണിമാമന്‍ തന്റെ മൊബൈല്‍ ഫോണില്‍ ആരോടോ എന്തൊക്കെയൊ സംസാരിച്ചു കൊണ്ടിരുന്നു.
പുലര്‍ച്ചെ. അയല്‍ വാസികളും,ചില ബന്ധുജനങ്ങളും വന്നു. എല്ലാവരുടേയും മുഖത്ത് ഒരുതരം ദു:ഖം നിഴലിച്ചിരുന്നു. രാമനുണ്ണിമാമന്‍ അടക്കിപിടിച്ച് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ട്.
സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു.അവള്‍ ഇടയ്ക്കിടെ രാമനുണ്ണിമാമന്റെ മുഖത്തേയ്ക്ക്ന്‍ നോക്കി.
സമയം ഒന്‍പത് മണിയോടടുത്തു.രാമനുണ്ണിമാമന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. മാമ്മന്റെ മുഖം കൂടുതല്‍ ദു:ഖപൂര്‍ണ്ണമായി. അയാള്‍ അവള്‍ക്കരികിലെത്തി. അവളുടെ ചുമലില്‍ പിടിച്ച് മുഖം പിടിച്ചുയര്‍ത്തി.
''എല്ലാം സഹിയ്ക്കണം...വിധിയെ തടുക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല...'' ഗദ്ഗദത്താല്‍ അയാള്‍ പറഞ്ഞ് മുഴുമിപ്പിയ്ക്കും മുമ്പെ അകലെനിന്നും ഒരു ആമ്പുലന്‍സ് സൈറന്‍ മുഴക്കി വീട്ടുമുറ്റത്തേയ്ക്ക് വന്നു.അവള്‍ മുന്നില്‍ കാണുന്നത് വിശ്വസിയ്ക്കാന്‍ കഴിയാത്തത് പോലെ കണ്ണ് മിഴിച്ചങ്ങിനെ നിന്നു. പിന്നെ അതൊരു പൊട്ടികരച്ചിലായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. അവിടെ കൂടി നിന്നവരുടേയും മിഴികള്‍ നിറഞ്ഞിരുന്നു. ചില സ്ത്രീകള്‍ ചേര്‍ന്ന് വീടിനകത്തേയ്ക്ക് കൊണ്ടു പോയി. ഇതിനകം തന്നെ വലിയൊരു ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു.
രാമനുണ്ണി എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.
വിതുമ്പലുകള്‍...അലമുറകള്‍,തേങ്ങലുകല്‍....ചന്ദനതിരിയുടെ രൂക്ഷഗന്ധത്തില്‍ നിന്ന് അന്നത്തെ പകലിന്റെ പട്ടടയ്ക്കുമൊപ്പം അഛന്റെ ചിത കത്തിയമര്‍ന്നു.
ഒരു മഴക്കാലം...
പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്യുന്ന മഴയിലേയ്ക്ക് അമ്മ കണ്ണും നട്ടിരുന്നു. അമ്മയിപ്പോള്‍ ആകെ മാറിയിരിയ്ക്കുന്നു. പഴയതു പോലെ സംസാരിയ്ക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒരു പുഞ്ചിരി മാത്രം മറുപടി.
കൊച്ചുകല്ല്യാണിയ്ക്ക് അഛന്റെ മരണാന്തരം അവള്‍ക്ക് അടുത്തു തന്നെയുള്ള വില്ലേജോഫീസില്‍ ജോലി ലഭിച്ചു. ഉത്തരവാദിത്തമുള്ള ഒരു കാരണവരെ പോലെ അവളാണു വീടിന്റെ ആശ്രയം എല്ലാറ്റിനും സഹായമായി ഇടയ്ക്കിടെ രാമനുണ്ണിമാമനും എത്തും.
രാമനുണ്ണിയുടെ ഇത്തരം സാനിധ്യം യാതൊരു സഹകരണവുമില്ലാത്ത കുടുമ്പാംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പുകളുണ്ടായിരുന്നു എങ്കിലും അഛന്റെ അഭാവത്താല്‍ അദ്ദേഹം ഒരാശ്രയം തന്നെയായിരുന്നു.
അഛനോടുള്ള അതേ സ്നേഹവും,ബഹുമാനവും അവള്‍ രാമനുണ്ണിമാമനു നല്‍കി.
മോഹനന്‍ കമ്പനിയിലെ ചില പ്രശ്നങ്ങളുമായി ബന്‍ധപെട്ട് അവധിയ്ക്ക് വരുന്നത് അല്‍പം കൂടി നീട്ടിയിരുന്നു.
ഒരിയ്ക്കല്‍ മോഹനനുമായുള്ള വിവാഹത്തെ കുറിച്ച് രാമനുണ്ണി അവളുമായി സംസാരിച്ചു. പക്ഷേ അവളുടെ മറുപടി മറ്റൊന്നയിരുന്നു.
''എനിയ്ക്കിനി പ്രതീക്ക്ഷകളില്ല മാമാ...''
''എന്താണു കുട്ടീ....നിന്റെ ഭാവി!....''അയാള്‍ ചോദിച്ചു.
''മാമനു എല്ലാം അറിയില്ലേ....അമ്മയ്ക്ക് ഇനി ഞാനല്ലാതെ ആരാണുള്ളത്''.അവളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
പിന്നെയാള്‍ അതേകുറിച്ചൊന്നും സംസാരിച്ചില്ല.
നാട്ടിലെ ചിലര്‍ കാമവെറി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കുന്നുണ്ടായിരുന്നു. ചിലര്‍ പ്രേമാഭ്യര്‍ഥനകളുമായി വന്നു. പക്ഷേ.. എല്ലാറ്റിനെയും അതിജീവിയ്ക്കുവാനുള്ള കരുത്ത് അവള്‍ ഇതിനകം തന്നെ നേടി കഴിഞ്ഞിരുന്നു.
രാത്രിനേരങ്ങളില്‍ ഒരു കരിയില മുറ്റത്ത് കൊഴിഞ്ഞ് വീണാല്‍ തന്നെ അവള്‍ ജാഗരൂഗമായിരുന്നു. കളങ്കമില്ലാത്ത ഒരു സ്ത്രീയുടെ മാന്യത അവള്‍ എന്നും കാത്ത് സൂക്ഷിച്ചു.
അന്നൊരു ശനിയാഴ്ച്ച ദിവസം.
ഉച്ചയ്ക്ക് ശേഷം കൊച്ചുകല്ല്യാണി അവധിയെടുത്തു. ഓഫീസ് വിട്ട് അവള്‍ നടന്നു
അകാശമേഘങ്ങളില്‍ മഴയൊരുക്കം. അന്നവള്‍ കുടയെടുത്തിരുന്നില്ല. അവള്‍ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ വേഗം നടന്നു.വീടെത്തുന്നതിനു മുമ്പെ മഴ ശക്തിയായി പെയ്തു. അവള്‍ നനഞ്ഞ് കുളിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശരീരത്ത് ഒട്ടിചേര്‍ന്നു.
അവള്‍ ഓടി വീട്ടിലേയ്ക്കെത്തുമ്പോള്‍.വീട്ടുവരാന്തയില്‍ മഴയുടെ സൗന്ദര്യം വീക്ഷിച്ചുകൊണ്ട്. രാമനുണ്ണിമാമന്‍ ഇരുപ്പുണ്ടായിരുന്നു.അവളില്‍ ഒരു തരം ജാള്യതയുണ്ടായി. അത് മറച്ചുകൊണ്ടവള്‍ ചോദിച്ചു.
''മാമന്‍ എപ്പൊള്‍ വന്നു''...
''ഒരു അരമണിയ്ക്കൂര്‍ മുമ്പ്''...ഒരു പുഞ്ചിരിയൊടു കൂടി അയാള്‍ പറഞ്ഞു.
''മൊളേ''..... അകത്ത് നിന്നും അമ്മയുടെ പതിഞ്ഞ ശബ്ദം.
''രാമനുണ്ണിക്ക് കടുംകാപ്പി ഇട്ട് കൊട്...നല്ല തണുപ്പ്''...
''മാമനകത്തിരിയ്ക്ക്. ഞാന്‍ ചായയുണ്ടാക്കാം...'' അത്രയും പറഞ്ഞ ശേഷം സാരിതലപ്പുകൊണ്ട് കൈയ്യും മുഖവും തുടച്ചുകൊണ്ട് അവള്‍ അകത്തേയ്ക്ക് പോയി.
പുറത്ത് മഴയുടെ ശക്തി കൂടി. നല്ല കാറ്റുമുണ്ടായിരുന്നു. ഒപ്പം ഇടയ്ക്കിടെ കൊള്ളിയാന്‍ മിന്നി. തണുത്ത് വിറച്ച് അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.
കൊച്ചുകല്ല്യാണി തന്റെ വസ്ത്രങ്ങള്‍ ഓന്നൊന്നായി മാറ്റുകയായിരുന്നു. വാതില്‍ പതിയെ ചാരിയിരുന്നതേയുള്ളൂ. തന്റെ തൊട്ടു പിന്നില്‍ ഒരു നിഴലനങ്ങിയതുപോലെ അവള്‍ക്ക് തോന്നി. അവള്‍ പെട്ടെന്ന് തിരിഞ്ഞു. രാമനുണ്ണിമാമന്‍! അവളൊന്നമ്പരന്നു. രാമനുണ്ണി അവളുടെ ചുമലില്‍ പതിയെ കൈ വെച്ചു.
''മോളേ...'' അയാളുടെ കണ്ണുകളില്‍ ഒരു പ്രത്യേകഭാവം മിന്നി നിന്നിരുന്നു. അയാള്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു. മഴയില്‍ നനഞ്ഞ അവളുടെ ശരീരം അയാളുടെ ശരീരത്തോട് പറ്റി ചേരുമ്പോള്‍ അയാള്‍ ധരിച്ചിരുന്ന ജുബയും നനഞ്ഞു.
ഒന്നു കുതറി മാറാന്‍ അവള്‍ ശ്രമിച്ചു പക്ഷെ അയാളുടെ കൈകള്‍ക്കൊരു പ്രത്യേകകരുത്തായിരുന്നു അപ്പോള്‍.
പുറത്ത് ശക്തിയായി പെയ്തു കൊണ്ടിരുന്ന മഴ തെല്ലൊന്ന് ശമിച്ചു. ഇപ്പോള്‍ മഴതുള്ളികള്‍ നിലത്ത് പതിയ്ക്കുന്നതിന്റെ നേരിയ ശബ്ദം മാത്രം.
അകത്ത് കട്ടിലില്‍ വാടിയ ഒരു മുല്ലമൊട്ട് പോലെ തളര്‍ന്ന് കൊച്ചുകല്ല്യാണി കിടന്നു. ഒപ്പം രാമനുണ്ണിയും.അവളുടെ മുടിയിഴകള്‍ അലസമായി കിടന്നിരുന്നു. നെറ്റിയില്‍ ചാര്‍ത്തിയിരുന്ന സിന്ദൂരപൊട്ട് പാതി മാഞ്ഞിരിയ്ക്കുന്നു.
ഒരു കുറ്റബോധത്തോടെ അയാള്‍ എഴുന്നേറ്റു.
''തെറ്റാണു ഞാന്‍ ചെയ്തത്....സ്വന്തം മകളെ പോലെ സ്നേഹിച്ച മോളേ.. ഞാന്‍...എനിയ്ക്കറിയില്ല എനിയ്ക്കെന്താണു സംഭവിച്ചതെന്ന്....'' അയാള്‍ക്ക് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി കിടന്നു.അവള്‍ അയാളുടെ മുഖത്തേയ്ക്ക് നോക്കി ആ നോട്ടം താങ്ങാനുള്ള ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല.
അയാള്‍ പതിയെ മുറിയുടെ വാതില്‍ ചാരി പുറത്തേയ്യ്ക്കു പോയി.
പുറത്ത് ഒരു കൊള്ളിയാന്‍ മിന്നി. അടുത്ത മഴയുടെ ആരവം. ആ മഴയ്ക്കൊപ്പം കൊച്ചുകല്ല്യാണിയും തേങ്ങി കരഞ്ഞു.

No comments:

Post a Comment