Wednesday, January 4, 2012

കഥ/// ഭുവനചന്ദ്രന്‍ വരാതിരിയ്ക്കില്ല... ///ബിജുതോമസ്.സി

കായന്നൂര്‍ ഗ്രാമത്തിനു ഉല്‍സവകൊടിയേറ്റ്...
ചെണ്ടമേളങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം.
കായന്നൂര്‍ ടൗണിനു അല്‍പ്പം മാറി നാല്‍ക്കവലയില്‍ ബസിറങ്ങി
ഉത്തമന്‍ മാഷ് നാട്ടുവഴിയിലൂടെ നടന്നു.
മാഷിന്റെ മുഖത്ത് നല്ല യാത്രാക്ഷീണമുണ്ടായിരുന്നു.
''മാഷേ...''
പിന്നില്‍ നിന്ന് ആരോ വിളിച്ചു.
നാണിയമ്മയാണു.
അവരുടെ മുഖത്ത് വല്ലാത്തൊരാകാംഷ നിറഞ്ഞു നിന്നിരുന്നു.
അപ്പോഴേയ്ക്കും അടുത്തടുത്ത വീടുകളില്‍ നിന്നും സ്ത്രീകളും, പുരുഷന്മാരുമടങ്ങുന്ന ഒരു കൂട്ടം മാഷിനരുകിലെത്തി.
നാണിയമ്മയെ പോലെ തന്നെ എല്ലാ കണ്ണുകളിലും ആകാംഷയുടെ തിളക്കം കാണായി.
ആ കൂട്ടത്തില്‍ മാതുലക്ഷ്മിയുമുണ്ടായിരുന്നു.
ഉത്തമന്‍ മാഷ് എല്ലാവരെയും ഒന്നു കണ്ണോടിച്ചു.
എന്ത് പറയണമെന്നറിയാതെ മാഷ് അല്‍പ്പനേരം മൗനം ഭംഞ്ജിച്ചു.
മാഷ് മാതുലക്ഷ്മിയുടെ മുഖത്തേയ്ക്ക് നോക്കി.
അവളുടെ ഈറനണിഞ്ഞ കണ്ണുകളിലും നക്ഷത്രതിളക്കം...
''മാഷേ...മാഷ് ഭുവനനെ കണ്ടുവോ...?
നാണിയമ്മ വീണ്ടും ചോദിയ്ക്കുന്നു.
.........................................
ഭുവനചന്ദ്രന്‍
അതായിരുന്നു അയാളുടെ പേരു.
പേരു മാത്രം മേല്‍ വിലാസമുള്ള സുമുഖനായ ചെറുപ്പക്കാരന്‍.
ഒരു സുപ്രഭാതത്തില്‍ കായന്നൂര്‍ ഗ്രാമത്തിലേയ്ക്ക് ഒരു നിയോഗം പോലെ എവിടെ നിന്നോ എത്തിയ ഒരാള്‍...
വളരെ പെട്ടെന്നു തന്നെ അയാള്‍ കായന്നൂര്‍ ഗ്രാമത്തിനു പ്രിയങ്കരനായി മാറി.
എവിടേയും എന്തു ജോലിയ്ക്കും,മറ്റുള്ള സഹായത്തിനും മുന്നിട്ടിറങ്ങാനുള്ള മനസ്സ് അതാണു ഭുവനചന്ദ്രനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്
വൈറ്റ് കോളര്‍ ജോലി മാത്രം സ്വപ്നം കാണുന്ന യുവതലമുറയ്ക്കു മുമ്പില്‍ ചുമട് ചുമ്മിയും, പറമ്പ് കിളച്ചും,വാഹനമോടിച്ചും വ്യത്യസ്തനായ ഭുവനചന്ദ്രന്‍...
കുട്ടികള്‍ക്ക് ട്യൂഷനെടുക്കുമായിരുന്നു.ഒപ്പം കമ്പ്യൂട്ടറും പഠിപ്പിയ്ക്കുമായിരുന്നു.അങ്ങിനെ ഒരു സര്‍വ്വകലാ വല്ലഭന്‍...
അതായിരുന്നു.ഭുവനചന്ദ്രന്‍....
ഏതു വീട്ടിലും സ്വാതന്ത്ര്യത്തോടെ കടന്നു ചെല്ലാന്‍ അയാള്‍ക്ക് അധികാരമുണ്ടായിരുന്നു.
അയാളുടെ കൈയ്യില്‍ നിന്നും കൈനീട്ടം വാങ്ങിയാല്‍ അന്നത്തെ ദിവസം നല്ലതാണന്ന് വിശ്വസിയ്ക്കുന്നവരും ആ നാട്ടില്‍ കുറവല്ല.
സാമൂഹ്യവിരുധരും,ചാരായം വാറ്റുകാര്‍ക്കൊക്കെ ഭുവനചന്ദ്രന്‍ ഒരു തലവേദനയായിരുന്നു.
തല ചായ്ക്കാന്‍ ഒരു ഇടം തേടിയ അയാള്‍ ഒടുവില്‍ കണ്ടെത്തിയ ഇടം വഴിയരുകില്‍ ബന്ധുജനങ്ങളാല്‍ ഉപേക്ഷിയ്ക്കപെട്ട നാണിയമ്മയെന്ന് എല്ലാവരും വിളിയ്ക്കുന്ന ഒരു പാവം വൃദ്ധയോടൊപ്പമായിരുന്നു.
അയാളുടെ വരുമാനത്തില്‍ നിന്ന് അവര്‍ക്കയാള്‍ ഭക്ഷണവും,മരുന്നും,വസ്ത്രവും നല്‍കി.
ഒരമ്മയും മകനും പോലെ തകരപാട്ടകള്‍ കൊണ്ട് സന്മനസ്സുകളുടെ കാരുണ്യത്താല്‍ നിര്‍മ്മിച്ച ആ കൊച്ചു വീട്ടില്‍ അവര്‍ ഇരുവരും പരിഭവങ്ങളും,പിണക്കങ്ങളുമില്ലാതെ വസിച്ചു.
ഭുവനചന്ദ്രന്റെ യാത്രകള്‍ ഈങ്ങനെ അനസ്യൂതം തുടരുന്നു.
പക്ഷെ,അയാളെ കുറിച്ച് ആരും തിരക്കിയില്ല. അഥവാ ആരെങ്കിലും അന്യേഷിച്ചാല്‍ ഒരു പുന്‍ചിരി മാത്രം മറുപടി നല്‍കി അയാള്‍ ഒഴിഞ്ഞു മാറും.
'മാതുലക്ഷ്മി'
കുട്ടനെയ്ത്ത് ഉപജീവനമാക്കിയ സരോജിനിയുടെ മൂത്ത മകള്‍.പാതിവഴിയില്‍ പറക്കമുറ്റാത്ത ഒരു കുഞ്ഞുമായി വൈധവിത്ത്യം പേറുന്നവള്‍...പതിയെ പതിയെ ഭുവനചന്ദ്രന്‍ അവളുടെ മനസ്സില്‍ ഒരു മുകുളമായി...
ഭുവനചന്ദ്രന്‍ അത് മനസ്സിലാക്കിയെങ്കിലും ഒരു നിശ്ചിത അകലം പാലിയ്ക്കുന്നതില്‍ അയാള്‍ ഏപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഒരിയ്ക്കല്‍ ഗ്രാമത്തിലെ പ്രമാണിയായ ഒരു വ്യക്തിയുടെ തോട്ടം കാടുവെട്ടുന്നതിനിടയിലാണു ഭുവനചന്ദ്രന്റെ കണ്ണില്‍ ഒരു പഞ്ചലോക വിഗ്രഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരോ ഉപേക്ഷിയ്ക്കപെട്ട നിലയില്‍ കണ്ടെത്തുന്നത്.
അതൊരു ദേവീ വിഗ്രഹം ആയിരുന്നു. പിന്നീട് അവിടെ ഒരു ദേവീക്ഷേത്രം രൂപം കൊണ്ടു.
അന്നുമുതല്‍ ദേവീ ചൈതന്യം കായന്നൂര്‍ ഗ്രാമത്തിനു പുതിയ ഉണര്‍വേകി.
കാലവര്‍ഷം വന്നെത്തി.
കായന്നൂരുകാര്‍ക്ക് ഇത് വിളയിറക്ക് കാലം...പാടങ്ങള്‍ ഉഴുതു മറിഞ്ഞു. ഗ്രാമങ്ങളില്‍ പ്രതീക്ക്ഷയുടെ പച്ചപ്പ്....
അങ്ങനെയിരിയ്ക്കെ ഭുവന ചന്ദ്രന്‍ ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്നും അപ്രത്യക്ഷനായി.
എവിടെ പോയിയെന്ന് ആര്‍ക്കുമറിയില്ല. അയാള്‍ ആരൊടുമൊന്നും പറഞ്ഞതുമില്ല.
അയാളുടെ തിരോധാനത്തിന്റെ ദിവസങ്ങളിലാണു ഞെട്ടിയ്ക്കുന്ന മറ്റൊരു വാര്‍ത്ത നാടറിയുന്നത്.
ക്ഷേത്രത്തിലെ ദേവീ വിഗ്രഹം മോഷ്ടിയ്ക്കപെട്ടിരിയ്ക്കുന്നു.
വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നു. പോലീസ് അന്യേഷണമാരമ്പിച്ചു. പല കഥകളും പ്രചരിച്ചു.
അവസാനം ജനങ്ങളുടേയും പോലീസിന്റെയുമൊക്കെ സംശത്തിന്റെ ചൂണ്ട് വിരല്‍ ഒരാളിലേയ്ക്ക് എത്തി നിന്നു.
അത് ഭുവനചന്ദ്രനിലായിരുന്നു.
സാഹചര്യതെളിവുകള്‍ എല്ലാം അയാള്‍ മാത്രമാണു മോഷ്ടാവെന്ന സംശയം ബലപ്പെടുമ്പോള്‍ ഒരു സന്ധ്യയില്‍ കായന്നൂരില്‍ ഭുവനചന്ദ്രന്‍ വീണ്ടും വന്നെത്തി.
അയാള്‍ അറസ്റ്റു ചെയ്യപെട്ടു.
പല രീതിയിലും അയാളെ ചോദ്യം ചെയ്തിട്ടും പോലീസിനു ഒരു തുമ്പും ലഭിച്ചില്ല.
ശേഷം സംശയത്തിന്റെ ആനുകൂല്യത്തില്‍ മോചീതനായ അയാള്‍ ആദ്യമോടിയെത്തിയത് കായന്നൂര്‍ ഗ്രാമത്തിലെ പ്രിയപെട്ടവരുടെ മുന്നിലേയ്ക്കായിരുന്നു.
തെറ്റിധരിയ്ക്കപെട്ട ഒരു ജന സമൂഹത്തിന്റെ ചോദ്യ ശരങ്ങള്‍ക്ക് മുമ്പില്‍ അയാള്‍ പകച്ചു നിന്നു.
ആര്‍ത്തലച്ചു പെയ്യുന്ന പെരും മഴയില്‍ ജനത്തിന്റെ മര്‍ദ്ദനമേറ്റു പുളയുമ്പോള്‍....അയാള്‍ ഒരല്‍പ്പം ദയയ്ക്കു വേണ്ടി യാചിച്ചു.
'' ഞാനെടുത്തിട്ടില്ല... ഞാനൊരു കള്ളനല്ല....
അയാളുടെ വിലാപസ്വരം കായന്നൂരില്‍ ആ മഴയിലും മാറ്റൊലി കൊണ്ടു.
ശരീരമാസകലം ഒലിച്ചിറങ്ങിയ ചോരയുമായി അയാള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു നീങ്ങി.
പിന്നെ അയാളെ ആരും കണ്ടിട്ടില്ല.
കായന്നൂരില്‍ പിന്നീട് അശാന്തിയുടെ നാളുകാളായിരുന്നു. കെട്ടങ്ങിയ സാമൂഹ്യ വിരുധ്ദ ശല്ല്യം വീണ്ടും ആരംഭിച്ചു.
ഗതി മാറിയെത്തിയ മഴയും, വില തകര്‍ച്ചയും ജനങ്ങളെ ദുരിതത്തിലേയ്ക്ക് നയിച്ചു.
മാസങ്ങള്‍ ഇഴഞ്ഞു നീങ്ങി.
കായന്നൂര്‍ ക്ഷേത്രത്തിലെ വിഗ്രഹത്തെ കുറിച്ച് ഒരു വിവരവും ലഭ്യമായില്ല.
ചിങ്ങവും,കര്‍ക്കിടവും,ഇടവപാതിയും പിന്നിട്ട് കായന്നൂര്‍ ഗ്രാമത്തിന്റെ മറ്റൊരു പകല്‍ പിറക്കുമ്പോള്‍ ആ വാര്‍ത്തയുമെത്തി.
മോഷണം പോയ വിഗ്രഹം മറ്റൊരു നഗരത്തില്‍ പിടിയ്ക്കപെട്ട കുപ്രസിദ്ധ മോഷ്ടാവില്‍ നിന്നും കണ്ടെടുത്തിരിയ്ക്കുന്നു എന്ന ഞെട്ടിയ്ക്കുന്ന വാര്‍ത്ത.
ഭുവനചന്ദ്രന്‍ നിരപരാധിയായിരുന്നു എന്ന വിവരം ആ നാടിന്റെ തീരാത്ത വേദനയായി....
പിന്നെ ഭുവനചന്ദ്രനെ തിരികെ കൊണ്ടു വരുവാന്‍ നാടൊരുങ്ങി. അയാളെ അന്യേഷിച്ചു കൊണ്ടിരുന്നു. വായന ശാലയില്‍ യോഗം ചേര്‍ന്ന് ഭുവനചന്ദ്രനെ കണ്ടെത്തുന്നതിനു റിട്ടയേര്‍ഡ് ഹെഡ് മാസ്റ്റ്റ്റര്‍ ഉത്തമന്‍ മാഷിനെ ചുമതലപെടുത്തി. ദൗത്യമേറ്റെടുത്ത മാഷ് ഭുവനചന്ദ്രനെ തേടി യാത്രയായി.
ഭുവനചന്ദ്രനെ കുറിച്ചുള്ള നേരിയ അറിവുകള്‍ വെച്ച് മാഷ് ചെന്നെത്തിയത് ഒരു കൊച്ചു പട്ടണത്തിലാണു.
നാണിയമ്മയുടെ വീട്ടില്‍ നിന്ന് ഭുവനചന്ദ്രന്റെ വസ്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന പോളിത്തീന്‍ ബാഗില്‍ നിന്നും കിട്ടിയ മണിയോര്‍ഡര്‍ അക്നൊളജ്മെന്റില്‍ നിന്നാണു ഷംസുദ്ദീന്‍ എന്നയാളുടെ മേല്‍ വിലാസം കിട്ടിയത്.
ഒരല്‍പ്പം ബുദ്ധിമുട്ടിയെങ്കിലും മാഷ് ലക്ഷ്യത്തിലെത്തി ചേര്‍ന്നു.
പട്ടണത്തിനടുത്ത് ഒരു കൊച്ചു വീട്. മുറ്റത്ത് രണ്ട് കുട്ടികള്‍ കളിയ്ക്കുന്നുണ്ടായിരുന്നു.
''ഇത് ഷംസുദ്ദീന്റെ വീടല്ലേ...?
മാഷ് കുട്ടികളോട് തിരക്കി.
''ഉപ്പാ ആരോ വന്നിരിയ്ക്കുന്നു...''
അകത്തേയ്ക്ക് നോക്കി ബാലിക പറഞ്ഞു.
പൊടുന്നനെ തന്നെ വാതില്‍ക്കല്‍ ഒരാളെത്തി.
അനുവാദത്തിനു കാത്തു നില്‍ക്കാതെ മുറ്റത്തെ കൊച്ച് ഗെയ്റ്റ് തുറന്ന് മാഷ് പ്രവേശിച്ചു.
''ഷംസുദ്ദീന്‍...?
മാഷ് ചൊദിച്ചു.
''അതെ...''
നേരിയ അമ്പരപ്പോടു കൂടി ഷംസുദ്ദീന്‍ പറഞ്ഞു.
''വരൂ...അകത്തേയ്ക്ക്...''
ഷംസുദ്ദീന്‍ മാഷിനെ ക്ഷണിച്ചു.
മാഷ് സിറ്റൗട്ടിലേയ്ക്ക് കയറി.
''ഇരിയ്ക്കൂ...''
മാഷിരുന്നു.
ചോദ്യ ഭാവത്തോടെ ഷംസുദ്ദീന്‍ മാഷിനു മുന്നില്‍ നില കൊണ്ടു.
'' ഞാന്‍ ഉത്തമന്‍...കായന്നൂരില്‍ നിന്നാണു...''
പറഞ്ഞ മാത്രയില്‍ അയാളുടെ മുഖം വിടരുന്നത് മാഷ് ശ്രദ്ധിച്ചു.
'' ഞാന്‍ ഭുവനചന്ദ്രനെ തിരക്കി വന്നതാണു...''
ഷംസുദ്ദീന്‍ അല്‍പ്പനേരം മൗനം ഭംഞ്ജിച്ചു.
പിന്നെ പറഞ്ഞു.
''എനിയ്ക്കറിയാമായിരുന്നു...എന്നെങ്കിലുമൊരിയ്ക്കല്‍ അയാളെ തേടി കായന്നൂരില്‍ നിന്നുമെത്തുമെന്ന്...അത് ഒരല്‍പ്പം നേരത്തേയായതില്‍ പെരുത്ത് സന്തോഷം...''
മാഷ് അല്‍പ്പം ആശങ്കാകുലനായി ഷംസുവിനെ നോക്കി.
''കായന്നൂരിനെ കുറിച്ച് അവന്‍ ഒത്തിരി പറഞ്ഞിരിക്കുന്നു... നല്ലവരായ അവിടുത്തെ നാട്ടുകാരെ കുറിച്ച്...''
മാഷില്‍ ജിഞ്ജാസ നിറഞ്ഞു.ഷംസുദ്ദീന്‍ തുടരുകയാണു.
''ശൈശവത്തില്‍ അവന്റെ അമ്മ അവനെ ഉപേക്ഷിച്ചു പോയതാണു...ചിലപ്പോള്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദമാകാം...''
മാഷ് അയാള്‍ പറയുന്നത് കേട്ടുകൊണ്ടിരുന്നു.
ഷംസുവിന്റെ ഭാര്യ ചായയുമായി വന്നു.
ഷംസു തുടര്‍ന്നു.
''കായന്നൂരില്‍ അവന്‍ കണ്ടു...അവന്റെ അമ്മയെ...''
''നാണിയമ്മ...''
മാഷില്‍ സംശയം.
''നാണിയമ്മ കായന്നൂരില്‍ അവനെ സ്നേഹിച്ച ഒരുപാടമ്മമാരില്‍ ഒരാള്‍ മാത്രം...''
ഷംസുവിന്റെ നിസ്ക്കാര തഴമ്പുള്ള നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു.
''പിന്നെ....?
മാഷ് അമ്പരപ്പോടെ ചോദിച്ചു.
''അതാരാണന്ന് സത്യത്തില്‍ എനിയ്ക്കുമറിയില്ല... അത് ആരാണന്ന് എന്നോട് പറയുന്നതിനു മുമ്പേ...''
ഷംസുവിന്റെ ഖണ്ഡമിടറി.
അയാള്‍ ഇരിപ്പിടത്തില്‍ നിന്നും പതിയെ എഴുന്നേറ്റു. ഒപ്പം ഒരു ഞെട്ടലോടെ ഉത്തമന്‍ മാഷും.
''ഭുവനചന്ദ്രന്‍... ഇപ്പോള്‍ എവിടെയുണ്ട്...എനിയ്ക്കയാളെ കാണണം...ഒരു നാടിന്റെ മുഴുവന്‍ ക്ഷമാപണവും അറിയിച്ച്...എനിയ്ക്കയാളെ കൂട്ടികൊണ്ട് പോകണം...''
മാഷ് അയാളോട് അഭ്യര്‍ത്ഥിച്ചു.
''എന്നോടൊപ്പം വരുമോ...?
ഷംസുദ്ദീന്‍ ആരാഞ്ഞു.
''തീര്‍ച്ചയായും...''
ഉത്തമന്‍ മാഷ് അറിയിച്ചു.
പിന്നെ അവര്‍ യാത്ര പുറപെട്ടു.
യാത്രയ്ക്കിടയില്‍ അവര്‍ പരസ്പരം സംസാരിച്ചില്ല.
ആ യാത്രയ്ക്കൊടുവില്‍ അവര്‍ എത്തി ചേര്‍ന്നത് പ്രകൃതി രമണീയതയും,ശാന്തതയും ഒത്തു ചേര്‍ന്ന ഒരിടത്താണു.
അവിടുത്തെ ട്രസ്റ്റിനു കീഴില്‍ പ്രവൃംത്തിയ്ക്കുന്ന ഒരാശുപത്രിയ്ക്കു മുന്നില്‍ അവരെത്തി.
അന്ധാളിപ്പോടെ മാഷ് ഷംസുവിനെ നോക്കി.
''വരൂ...''
മാഷ് അയളെ അനുഗമിച്ച് ആശുപത്രിയ്ക്കുള്ളിലേയ്ക്ക് നടന്നു.
ഇടനാഴിക പിന്നിട്ട് അവരവസാനം എത്തി ചേര്‍ന്നത് ''കാന്‍സര്‍ വാര്‍ഡ്'' എന്ന് ബോര്‍ഡ് വെച്ച ഒരു ഹാളിനു മുന്നിലാണു.
ചില്ലു വാതില്‍ പതിയെ തുറന്ന് ഇരുവരും അതിനുള്ളില്‍ പ്രവേശിച്ചു.
ഇരു വശങ്ങളിലായി തിരിച്ച വാര്‍ഡില്‍ ചില രോഗികളും അവരുടെ ബന്ധുക്കളുമുണ്ടായിരുന്നു.
അവസാന ബെഡില്‍ ഒരാള്‍ കിടന്നിരുന്നു.
അവര്‍ ആ ബെഡിനരുകിലെത്തി.
റേഡിയേഷനും,കീമൊ തെറാപ്പിയും വികലമാക്കിയ ആ മനുഷ്യന്റെ മുഖം ഭുവനചന്ദ്രനാണന്ന് തിരിച്ചറിയാന്‍ മാഷിനു അല്‍പ്പ സമയം വേണ്ടി വന്നു.
''ഭുവനന്‍...''
മാഷ് പതിയെ വിളിച്ചു.
ഭുവനചന്ദ്രന്‍ ശബ്ദത്തോട് മാത്രമാണു പ്രതികരിച്ചത്.
അയാള്‍ കണ്ണ് തുറന്നു.
അയാള്‍ക്ക് ഓര്‍മ്മകള്‍ എന്നോ നഷ്ടപെട്ടിരുന്നു.
മാഷിനെ തുറിച്ച് നോക്കികൊണ്ട് ഭുവനചന്ദ്രന്‍ അങ്ങനെ തന്നെ കിടന്നു.
പിന്നെ മാഷ് ഷംസുദ്ദീന്റെ മുഖത്തേയ്ക്ക് നോക്കി.
അയാളുടെ മുഖവും മ്ലാനമായിരുന്നു.
''ഒരു ഡോക്ടര്‍ക്ക് ഈ ആശുപത്രില്‍ ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്തു കഴിഞ്ഞു...മുമ്പും പടച്ചോന്‍ ഈ അവസ്ഥയില്‍ നിന്നും അയാളെ ജീവിതത്തിലേയ്ക്ക് തിരികെ കൊടുത്തിട്ടുണ്ട് ഇനിയും ഒരു പക്ഷെ...
ഷംസുവിന്റെ വാക്കുകള്‍ മുറിഞ്ഞു.നേരിയ ഒരു പ്രതീക്ക്ഷ മാത്രം അയാളുടെ മുഖത്ത് ശേഷിച്ചു.
''എനിയ്ക്ക് നിസ്ക്കാരത്തിനു നേരമായി. ഞാന്‍ അത് കഴിഞ്ഞിട്ടിപ്പം വരാം...''
അത് പറഞ്ഞിട്ട് ഷംസുദ്ദീന്‍ വാര്‍ഡിനോട് ചേര്‍ന്ന ഒരു സ്ഥലത്ത് നിസ്ക്കരിച്ചു.
സമീപത്തെ പള്ളിയില്‍ നിന്നുള്ള ബാങ്കുവിളി മുഴങ്ങി കേട്ടു.
.........................................

എല്ലാ കണ്ണുകളും ഉത്തമന്‍ മാഷിനു നേര്‍ക്കായിരുന്നു.
''മാഷൊന്നും ഇതുവരെ പറഞ്ഞില്ല....''
ആരോ ചോദിയ്ക്കുന്നു.
മാഷ് എല്ലാവരേയും ഒന്ന് കണ്ണോടിച്ചു.പിന്നെ പറഞ്ഞു.
''അയാള്‍ക്ക് ഒരിയ്ക്കലും ഈ നാടിനെയും,നാട്ടുകാരെയും ഉപേക്ക്ഷിയ്ക്കാനാവില്ല. ഭുവനചന്ദ്രന്‍ വരാതിരിയ്ക്കില്ല...''
ജനത്തിന്റെ കണ്ണുകളില്‍ ആനന്ദതിരയിളക്കം...
അപ്പോള്‍ പടിഞ്ഞാറു നിന്ന് വന്നൊരു കാറ്റ് അവരെ തഴുകി കടന്നു പോയി.

4 comments:

  1. നല്ല കഥ. ഭുവനചന്ദ്രന്‍ വരും വരാതിരിക്കില്ല.

    ആശംസകള്‍...

    ReplyDelete
  2. ''അയാള്‍ക്ക് ഒരിയ്ക്കലും ഈ നാടിനെയും,നാട്ടുകാരെയും ഉപേക്ക്ഷിയ്ക്കാനാവില്ല. ഭുവനചന്ദ്രന്‍ വരും വരാതിരിക്കില്ല..........നന്നായിട്ടുണ്ട് ആശംസകള്‍...

    ReplyDelete
  3. Replies
    1. വരുമെന്നു തന്നെ ആശിക്കാം...
      നല്ല കഥ, അഭിനന്ദനങ്ങള്‍.....

      Delete