Monday, January 31, 2011

പെയ്തു തീരാത്ത മഴ... ///കഥ


ഒരു മഴക്കാലം...
തിമിര്‍ത്തു പെയ്യുന്ന മഴ തികച്ചും കലുഷിതമായി കഴിഞ്ഞിരിയ്ക്കുന്നു.
പ്രളയകെടുതിയില്‍ നാട്ടില്‍ സര്‍വ്വനാശം
പോലീസിനും,ഫയര്‍ഫോര്‍സിനുമെല്ലാം ഊണും ഉറക്കവുമില്ലാത്ത രാപകലുകള്‍.
ഒടുവില്‍ കേന്ദ്രസേനയുടെ സേവനം.
മഴ തുടര്‍ന്നു കൊണ്ടേയിരുന്നു...
ഫ്ളാറ്റില്‍ വിശ്രമിച്ചു കൊണ്ടിരിയ്ക്കെ സബ് കളക്ടര്‍ പ്രകാശ്മേനോന്‍ ന്റെ സെല്‍ഫോണ്‍ ശബ്ദിച്ചു.
മറുതലയ്ക്കല്‍ ജില്ലാകളക്ടര്‍.
പ്രകാശ് മേനോന്‍ അത് അറ്റന്‍ഡ് ചെയ്തു.
''യെസ് സര്‍.........ഓ...വെരി ബാഡ്ന്യൂസ്...'' അയാളുടെ നെറ്റി ചുളിഞ്ഞു.
അയാള്‍ സംസാരിച്ചുകൊണ്ടിരുന്നു
ഒകെ.. സര്‍......അയാം റെഡി....വിത്തിന്‍ വണ്‍ അവര്‍...ഐ വില്‍ ബി ദേര്‍...ഓകെ സര്‍...''
പ്രകാശ് മേനോന്‍ ലൈന്‍ കട്ട് ചെയ്തു.
ദേവപ്രിയ ആവി പറക്കുന്ന ചായയുമായി ഭര്‍ത്താവിനരുകിലെത്തി. ചായ ഒരു കവിള്‍ കുടിച്ച ശേഷം അയാള്‍ പറഞ്ഞു.
''കുടിയാന്മലയില്‍ ഉരുള്‍പൊട്ടല്‍.മറ്റുദ്യോഹസ്ഥരും,ഫോര്‍സുമെല്ലാം അങ്ങോട്ട് നീങ്ങിയിരിയ്ക്കുകയാണു. എനിയ്ക്കും ഇപ്പോള്‍ തന്നെ പുറപ്പെടണം...''
അവളുടെ മുഖത്ത് ഒരു നേരിയ വിഷമമുണ്ടായി.
ടെലിവിഷനില്‍ പ്രളയകെടുതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ഫ്ളാഷ് ന്യൂസായി വന്നുകൊണ്ടിരുന്നു
ഇതിനിടയില്‍ പ്രകാശ് മേനോന്‍ വസ്ത്രം മാറി വന്നു. കപ്പിലെ ചായ അല്‍പ്പംകൂടി കഴിച്ചു കൊണ്ട് ദേവപ്രിയയുടെ കവിളില്‍ ഒരു ചെറുചുമ്പനം നല്‍കി അയാള്‍ ശബ്ദം താഴ്ത്തി ചെവിയില്‍ മന്ത്രിയ്ക്കും പോലെ പറഞ്ഞു. ''സോറി മോളേ....'
പിന്നെ വേഗം അയാള്‍ പുറത്തേയ്ക്ക് പോയി.
മക്കളായ അഖിലും,അമ്മുവും അവര്‍ക്കുള്ള പ്രത്യേക മുറിയില്‍ ഹോം വര്‍ക്ക് ചെയ്ത് കൊണ്ടിരിന്നു.
പുറത്ത് കാറ്റ് ആഞ്ഞു വീശി.
രാത്രി വളരെ വൈകിയും പ്രകാശ് വന്നില്ല.
ഇടയ്ക്ക് പ്രകാശിന്റെ കോള്‍ വന്നു. ദേവപ്രിയ അത് അറ്റന്റുക് ചെയ്തു. പ്രകാശ് ഇന്നു വരികയില്ലത്രെ.ചിലപ്പൊള്‍ നാളെയും.
''ഡാഡി എപ്പഴാ വരിക മമ്മീ...''
മക്കള്‍ ചോദിച്ചു.
''ഡാഡിയ്ക്ക് ജോലിതിരക്കാ...ഇന്നു വരില്ല മക്കളെ...''
അവര്‍ മൂവരും അത്താഴം കഴിച്ചു കിടന്നു.
രാത്രി എപ്പോളോ അവളൊന്നു മയങ്ങിയതേയുള്ളൂ. പുറത്ത് എന്തോ ഒരു ശബ്ദം കേട്ടു. ആരോ വാതിലില്‍ ശക്തിയായി തട്ടുന്നു. ദേവപ്രിയ ഡോറിലെ ലെന്‍സിലൂടെ പുറത്തെയ്ക്ക് നോക്കി പക്ഷെ പുറത്ത് ഒന്നും കാണാന്‍ കഴിഞ്ഞില്ല. പിന്നെയും വാതില്‍ക്കല്‍ ശബ്ദം കേട്ടു.
അവള്‍ തെല്ലുഭയത്തോടെ വാതില്‍ തുറന്നു.
ചാന്ദ്നി മോളായിരുന്നു അത്. ആറു വയസ്സു മാത്രം പ്രായമുള്ള ചാന്ദ്നിമോള്‍ തൊട്ടടുത്ത ഫ്ളാറ്റില്‍ താമസിയ്ക്കുന്ന ആര്‍ക്കിടെക്റ്റല്‍ എഞ്ചിനിയര്‍ ഹരിക്രിഷ്ണന്റെ ഏകമകളായിരുന്നു.
ദേവപ്രിയ ഒന്നമ്പരന്നു. ചാന്ദ്നിമോളുടെ മുഖത്ത് ഉറക്കചടവും വല്ലാത്തൊരു ഭീതിയും നിഴലിച്ചിരുന്നു.
''എന്താ മോളേ...'' ഉദ്വേഹപൂര്‍വ്വം അവള്‍ തിരക്കി.
''പപ്പയ്ക്ക് നല്ല പനിയാ ആന്റീ....''ആന്റിയൊന്നു വര്വോ....''
വാതില്‍ ഭദ്രമായി അടച്ച ശേഷം ദേവപ്രിയ ചാന്ദിനിമോള്‍ക്കൊപ്പം ഹരിക്രിഷ്ണന്റെ ഫ്ളാറ്റിലേയ്ക്ക് ചെന്നു.
ഹരിക്രിഷ്ണന്‍ ബെഡില്‍ തീര്‍ത്തും അവശനായി കാണപെട്ടു. അയാള്‍ നന്നായി പനിച്ചു വിറയ്ക്കുന്നുണ്ടായിരുന്നു.
അവളുടെ സാമീപ്യം അയാള്‍ക്കൊരാശ്വാസമായതു പോലെ പതിയെ ഒന്നു പുഞ്ചിരിച്ചു.
''ദേവൂ.........''
''ഡോക്ടറെ വിളിയ്ക്കണോ ഹരി...''അവള്‍ ചോദിച്ചു.
''വേണ്ട ഞാന്‍ മരുന്ന് കഴിച്ചു... ഒന്നുറങ്ങി കിട്ടിയിരുന്നെങ്കില്‍.....''
അയാള്‍ പറഞ്ഞ് മുഴുമിയ്ക്കും മുമ്പേ അവള്‍ പറഞ്ഞു.
'' ഞാന്‍ കുറച്ച് ചുക്ക്കാപ്പി എടുക്കാം. അത് കുടിച്ചു കിടന്നാല്‍ നല്ല ആശ്വാസം കിട്ടും...'' ദേവപ്രിയ അടുക്കളയിലേയ്ക്ക് നടന്നു.
കര്‍ട്ടനും,ജാലകത്തിനുമപ്പുറം വെള്ളിനൂലുകള്‍ പോലെ മഴ ഭൂമിയിലേയ്യ്ക്ക് പതിയ്ക്കുന്നത് കാണാമായിരുന്നു.
ദേവപ്രിയ പെട്ടെന്നു തന്നെ കാപ്പിയുമായി വന്നു.
''ദേവൂ.. പ്രകാശ്....? അയാള്‍ തിരക്കി.
പ്രകാശ് അടിയന്തിരമായി ജോലിയ്ക്ക് പോയ കാര്യം അവള്‍ അയാളോട് പറഞ്ഞു.
കാപ്പി അല്‍പ്പം കഴിച്ച് നന്ദിപുരസരം അയാള്‍ അവളുടെ മുഖത്തേയ്ക്ക് നോക്കി പറഞ്ഞു.''താങ്ക്സ് ദേവൂ...'' ''ഞ്ഞാന്‍ പൊയ്ക്കോട്ടെ...''അവള്‍ ചോദിച്ചു.
''ഓ..കെ ദേവൂ...''അയാള്‍ പറഞ്ഞു.
സമീപം നിന്നിരുന്ന ചാന്ദിനിമോളുടെ കവിളില്‍ തലോടി അവള്‍ പറഞ്ഞു.''മോള്‍ വിഷമിയ്ക്കണ്ടാ..ട്ടോ...ഉറങ്ങിയ്ക്കോ..പപ്പയ്ക്ക് സുഖമാവും...''
ചാന്ദിനിമോള്‍ കുഞ്ഞിപല്ല് കാട്ടി ചിരിച്ചു.
ദേവപ്രിയ അവരുടെ ഫ്ളാറ്റിലേയ്ക്ക് മടങ്ങി പോയി.
സ്കൂള്‍ തലം മുതല്‍ കാമ്പസ് ജീവിതകാലം വരെ അവര്‍ ഒരുമിച്ചായിരുന്നു പഠിച്ചത്.ആ കാലഘട്ടത്തില്‍ കാമ്പസിന്റേതായ വിവിധ പ്രവ്ര്‍ത്തനങ്ങളില്‍ അവര്‍ സാരഥ്യം വഹിച്ചിരുന്നു. പിന്നെ കാലം അവരെ ഓരോ ദിക്കിലേയ്ക്ക് നയിച്ചു. പിന്നെ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ തമ്മില്‍ കണ്ട് മുട്ടുന്നത് ഈ ഫ്ളാറ്റ് ജീവിതം തുടങ്ങുമ്പോഴാണു.
ഹരിക്രിഷ്ണന്റെ ഭാര്യ രഞ്ജിനി അയര്‍ലന്റില്‍ ഡോക്ടറാണു. അവര്‍ക്കൊരു മോളുണ്ടങ്കിലും അവര്‍ തമ്മില്‍ നല്ല മനപൊരുത്താമുണ്ടായിരുന്നില്ല. അതു കാരണമാണു അവര്‍ തമ്മില്‍ രണ്ട് സ്ഥലത്ത് ജീവിയ്ക്കാനുണ്ടായ സാഹജര്യം ഉണ്ടായതും.എങ്കിലും രഞ്ജിനി ഇടയ്ക്ക് അവധിയ്ക്ക് വരും.ആഘോഷങ്ങളും,ആരവങ്ങളൊന്നുമിള്‍ല്ലാത്ത വെറുമൊരു ജീവിതം. ഹരിക്രിഷ്ണനും,പ്രകാശ്മേനോനും നല്ല സുഹ്ര്‍ത്തുക്കളായി. നല്ല സഹകരണത്തോടെ ഇരു കുടുമ്പവും കഴിഞ്ഞു പോന്നു.
പിറ്റേന്ന് രാവിലെ കനത്ത മഴ ജനജീവിതം താറുമാറാക്കി. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
ദേവപ്രിയ എഴുന്നേല്‍ക്കാന്‍ താമസിച്ചു. കുട്ടികള്‍ ഇതുവരെ ഉണര്‍ന്നിട്ടില്ല.
ടെലിവിഷന്‍ ഓണ്‍ ചെയ്തപ്പോള്‍ കുടിയാന്മലയില്‍ നിന്നുള്ള ന്യൂസ് വന്നു. രക്ഷാപ്രവൃത്താനങ്ങള്‍ പുരോഗമിയ്ക്കുന്നു. മഴകോട്ട് ധരിച്ച് പ്രകാശും മറ്റുദ്യോഹസ്ഥരും എല്ലാറ്റിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു.
ഹരിക്രിഷ്ണനും എഴുന്നേറ്റു ഇപ്പോള്‍ പനിയല്‍പ്പം കുറഞ്ഞിട്ടുണ്ട്. ഒരു ഷാളെടുത്ത് ശരീരത്ത് ചുറ്റി അയാള്‍ ജനാലയ്ക്കരുകില്‍ വന്നു നിന്നു. അപ്പോഴും തോരാത്ത മഴ ജനാല ചില്ലിലൂടെ കാണാമായിരുന്നു. അയാള്‍ അയാള്‍ അല്‍പ്പനേരം അതിന്റെ ഭംഗിയാസ്വദിച്ച് നിന്നു. കാളിംങ്ങ്ബെല്‍ ശബ്ദിയ്ക്കുന്നു
അയാള്‍ ചെന്ന് വാതില്‍ തുറന്നു. ദേവപ്രിയയായിരുന്നു.
അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. ഒരു പുഞ്ജിരിയോടെ അയാള്‍ അവളെ അകത്തേയ്ക്ക് ക്ഷണിച്ചു.
''വരൂ..ദേവപ്രിയ...''
ഒരു ചെറുപുഞ്ജിരിയോടെ അവള്‍ അകത്തെയ്ക്ക് വന്നു.
''ഇപ്പോള്‍ എങ്ങനെയുണ്ട് പനി...''അവള്‍ തിരക്കി.
''നല്ല ആശ്വാസം...'' അയാള്‍ മറുപടി പറഞ്ഞു.
അയാള്‍ വീണ്ടും ആ ജനാലയ്ക്കരുകിലെത്തി. ഒപ്പം ദേവപ്രിയയും.
പുറത്ത് പെയ്യുന്ന മഴയുടെ ഭംഗി അയാളവള്‍ക്ക് കാണിച്ചു കൊടുത്തു.
''മഴയ്ക്കുമുണ്ട് വിവിധ ഭാവങ്ങള്‍...ചില മഴ ഭൂമിയെ തന്നെ ഇല്ലാതാക്കും. പക്ഷെ! ഈ ജനാലയ്ക്കപ്പുറം പെയ്യുന്ന മഴ ഒരു തരം നൊസ്റ്റാള്‍ജിയ ഫീല്‍ ചെയ്യുന്നു...''
അവള്‍ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
''ദേവൂ ...''അയാള്‍ പതിയെ വിളിച്ചു.
അവളൊന്നു മൂളി.
അയാള്‍ വീണ്ടും പറഞ്ഞു തുടങ്ങി.
''ഓര്‍ക്കുന്നില്ലേ... നമ്മുടെയാ പഴയ കാലം. ഇത് പോലൊരു മഴയത്താണു നമ്മള്‍ തമ്മില്‍ പരിചയപെട്ടത്''
അവളും അതോര്‍ക്കാന്‍ ശ്രമിച്ചു. അയാളുടെ കണ്ണുകളില്‍ നേരിയ നനവ് പടരുന്നുണ്ടായിരുന്നു.
''ഹരീ... അവള്‍ പതിയെ വിളിച്ചു.
''ആ കാലത്ത് ദേവുവിനു എന്തെങ്കിലും എന്നോട് പറയാനുണ്ടായിരുന്നുവോ...?
''ഹരീ.. ഞാന്‍...അവള്‍ മുഖം കുനിച്ചു.
''നിന്റെ കണ്ണുകളില്‍ ഞാന്‍ വായിച്ചിരുന്നു പലപ്പോഴും...''
അയാള്‍ തുടര്‍ന്നു.
''ഒരു മയില്‍പീലി പോലെ ഞാന്‍ ഇന്നും സൂക്ഷിയ്ക്കുന്നുണ്ട്..എന്റെ ഹൃദയത്തില്‍...''
അയാളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അവളും ഒന്ന് വിതുമ്പാന്‍ വെമ്പി.
പുറത്ത് മഴയുടെ ഏങ്ങലടികള്‍ക്കൊപ്പം അവരുടെ സങ്കടങ്ങള്‍ പെയ്തിറങ്ങി.
അവള്‍ അധികനേരം അവിടെ നിന്നില്ല.
മുറിയിലേയ്ക്ക് വന്ന അവള്‍ കട്ടിലില്‍ കിടന്നു ശബ്ദമില്ലാതെ തേങ്ങി.
പ്രകാശ് അന്നും വന്നില്ല. ഇടയ്ക്ക് വിളിച്ചു. ചിലപ്പോള്‍ ഇനിയൊരു ദിവസം കൂടി വൈകിയേക്കുമത്രെ. മലവെള്ളപച്ചിലില്‍ ഒലിച്ചു പോയ മനുഷ്യശരീരങ്ങള്‍ ഇനിയും ലഭിയ്ക്കാനുണ്ട്.
അന്നു രാത്രിയും അവള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. ആ പഴയകാലസ്വപ്നങ്ങള്‍ അവളുടെ ചിന്തകളെ തഴുകികൊണ്ടിരുന്നു.
താനും ഹരിയെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷേ മനസ്സ് തുറക്കാന്‍ ഇരുവരും എന്തേ ഒരുപാട് വൈകിപോയി...
കാലാന്തരത്തില്‍ ഒരു പുതിയ ജീവിതത്തിലേയ്ക്ക് വന്നപ്പോള്‍ വികലമായി കിടന്നിരുന്ന മനസ്സിനെ സ്നേഹം കൊണ്ട് വീര്‍പ്പ്മുട്ടിച്ചുറക്കിയത് പ്രകാശാണു. പിന്നെ താന്‍ ഒന്നും ഓര്‍ക്കാന്‍ ശ്രമിച്ചിട്ടില്ല. പക്ഷേ ഇപ്പോള്‍........
ഇല്ല ...മനസ്സ് കൈ വിട്ടു പോകാന്‍ പാടില്ല... അവളങ്ങനെ സമാധാനിച്ചു.
ആ രാത്രിയും കടന്നു പോയി.
പിറ്റേന്ന് മഴയല്‍പ്പം കുറഞ്ഞു ഇപ്പോള്‍ നേരിയ ചാറ്റല്‍മഴ മാത്രം.
ദേവപ്രിയ കുളിച്ച് നല്ലൊരു സാരിയെടുത്തണിഞ്ഞു. കുട്ടികള്‍ അവരുടെ പഠനമുറിയില്‍ കളിച്ചുകൊണ്ടിരുന്നു.
അവള്‍ ഹീറ്റര്‍ കൊണ്ട് മുടിയുണക്കികൊണ്ടിരിയ്ക്കേ കോളിങ്ങ് ബെല്‍ മുഴങ്ങി.
പ്രകാശ് എത്തിയിരിയ്ക്കുന്നു.
അവള്‍ പെട്ടെന്ന് ചെന്ന് വാതില്‍ തുറന്നു.
വാതില്‍ക്കല്‍ ഹരിക്രിഷ്ണനായിരുന്നു.
അവളില്‍ ചെറിയൊരു നടുക്കമുണ്ടായി.
അയാള്‍ അകത്തേയ്ക്ക് വന്നു. അവള്‍ക്കഭിമുഖമായി നിന്നു.
''ദേവൂ...അയാള്‍ വിളിച്ചു.
അവള്‍ മുഖം താഴ്ത്തിയങ്ങനെ തന്നെ നിന്നു.
അയാള്‍ തുടര്‍ന്നു
''എന്തേ..ഒന്നും പറഞ്ഞില്ല...''
അവള്‍ ദയനീയമായി അയാളുടെ മുഖത്തേയ്ക്ക് നോക്കി.
അവളുടെ കണ്ണുകളില്‍ നോക്കി അയാള്‍ ചോദിച്ചു.
''ഒരിയ്ക്കലെങ്കിലും എന്നെ ഇഷ്ടപെട്ടിരുന്നോ...നീ..''
അതിനു മറുപടി ഒരു കരച്ചിലോടെ അവള്‍ അയാളുടെ മാറിലേയ്ക്ക് വീണു.
അയാളവളുടെ ആടിയുലഞ്ഞ് കിടക്കുന്ന മുടിയിഴകള്‍ മാടിയൊതുക്കി.
അയാളുടെ കണ്ണുകളിലും നിലയ്ക്കാത്ത ലാവാപ്രവാഹം.
എത്ര നേരം അവരങ്ങിനെ നിന്നുവെന്നറിയില്ല. ഒരു സ്ഥലകാലബോധമുണ്ടായതു പോലെ അവള്‍ കുതറി മാറി.
അയാളും ഒന്നു പകച്ചു.
''തെറ്റാണു ഇത്...'' അവള്‍ തേങ്ങി.
''ഇപ്പോള്‍ ഒരാശ്വാസമുണ്ട്...ഇത്രയും നാള്‍ മനസ്സില്‍ അടക്കി പിടിച്ച ഒരു പെരും മഴ പെയ്തൊഴിഞ്ഞിരിയ്ക്കുന്നു''...
ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തുകൊണ്ട് അയാള്‍ പറഞ്ഞു.
''ഇനി എന്റെ രഞ്ജിനിയെ എനിയ്ക്ക് സ്നേഹിച്ചു തുടങ്ങണം''
വിടര്‍ന്ന കണ്ണുകളോടെ അവള്‍ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കി.
ആ കണ്ണുകളില്‍ ഒരു ശുഭപ്രതീക്ഷയുടെ പൊന്‍ തിളക്കം...
അപ്പോഴും പുറത്ത് മഴ നിലച്ചിരുന്നില്ല.

Friday, January 28, 2011

തീരം തേടുന്ന തിരകള്‍.

ബസ് കണ്ണൂരിലേയ്ക്ക് ലക്ഷ്യമായി നീങ്ങി തുടങ്ങി.
മധ്യഭാഗത്തായി സൈഡ് സീറ്റാണു എനിയ്ക്കും കിട്ടിയത്.
ബസ് കോഴിക്കോട് നഗരം വിടുമ്പഴേയ്ക്കും തലേന്നത്തെ ഉറക്കക്ഷീണം എന്നെ അലട്ടി തുടങ്ങിയിരുന്നു.
പതിനഞ്ചു വര്‍ഷത്തെ പ്രവാസജീവിതത്തിനിടയിലെ ഈ യാത്രയ്ക്ക് പ്രത്യേകം ലക്ഷ്യങ്ങളൊന്നുമില്ലങ്കിലും കണ്ണൂരിലെ ആ പഴയ ജോലിസ്ഥലവും ചില പരിചയക്കാരുമെല്ലാം വിസ്മൃതിയില്‍ നിറഞ്ഞു നിന്നിരുന്നു.
'സുനില്‍' തന്റെ അക്കാലത്തെ പ്രിയസുഹൃത്ത്.
ഒരു ചാറ്റല്‍ മഴയുടെ അകമ്പടിയ്ക്കുമൊപ്പം ഞങ്ങളുടെ കാര്‍ട്ടേഴ്സിലേയ്ക്ക് ഓടിയെത്തിയ പ്രിയപെട്ട കൂട്ടുകാരന്‍.
ആദ്യം ഒരു പുഞ്ചിരി,ഒരു ഹസ്തദാനം,പിന്നെ ഞങ്ങളുടെ സൗഹൃദകൂട്ടത്തിലൊരുവനായി എന്നും........
ബസ് ഓടികൊണ്ടിരുന്നു. ചില പ്രധാനകേന്ദ്രങ്ങളില്‍ മാത്രമാണു സ്റ്റ്റ്റോപ്പുണ്ടായിരുന്നത്. യാത്രക്കാര്‍ കയറിയും ഇറങ്ങിയുമിരുന്നു. അന്നത്തെ വെയിലിനു നല്ല ചൂടുണ്ടായിരുന്നു. കൈയ്യില്‍ കരുതിയിരുന്ന മിനറല്‍ വാട്ടര്‍ കുപ്പിവെള്ളം ഞാന്‍ വായിലേയ്യ്ക്ക് കമഴ്ത്തി.
പട്ടണങ്ങളും,ഗ്രാമങ്ങളും താണ്ടി ബസ് യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
ഓര്‍മ്മകള്‍ വീണ്ടും എന്നെ ആ പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടു പോയി.
മള്‍ട്ടിനാഷണല്‍ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് പ്രധിനിധികളായ ഞങ്ങള്‍ പ്രഭാതത്തില്‍ തന്നെ ഓരോരുത്തരായി ഒരോ ഏരിയായിലേയ്ക്ക് കടന്നുപോകും. പിന്നെ വൈകുന്നേരം വരെ ഞങ്ങളുടെ ജോലിയില്‍ ഞങ്ങള്‍ മുഴുകിയിരിയ്ക്കും. സായന്തനങ്ങള്‍ ഞങ്ങള്‍ ഒരുമിച്ച് കൂടും.
മാസങ്ങള്‍ അങ്ങനെ കടന്നു പോയി.
അന്നൊരു ശനിയാഴ്ച്ചയായിരുന്നു. കമ്പനിയുടെ പ്രതിമാസ ക്ലോസിങ്ങും, മീറ്റിങ്ങും അന്നാണു.
എന്റെ പ്രവര്‍ത്തന മേഖല തലശ്ശേരിയും, മാഹിയുമാണു. ഒരുപാട് ജോലി ബാക്കിയുണ്ട്. നേരത്തെ തീരുമാനിച്ചതനുസരിച്ച് മാഹിയിലും,തലശ്ശേരിയിലും സുനിലും,മറ്റൊരു സുഹ്ര്‍ത്ത് ഉണ്ണിയും എന്റൊപ്പം വന്നു.
എല്ലാവരും കൂടി ജോലിയെല്ലാം പെട്ടെന്നു തന്നെ തീര്‍ത്തു.
ഉച്ചസമയമായി. ഭക്ഷണം കഴിയ്ക്കുന്നതിനു മാഹിപട്ടണത്തിലെ ഒരു റെസ്റ്റ്റ്റോറന്റില്‍ ഞങ്ങളൊത്തു ചേര്‍ന്നു. മാഹിയില്‍ സുലഭമായി കിട്ടുന്ന മദ്യം ഞങ്ങള്‍ക്ക് മുമ്പില്‍ നിരന്നു.
പിന്നെ സുന്ദരമായ മയ്യഴി തീരത്ത് ഞങ്ങളുടേതു മാത്രമായ സൊകാര്യനിമിഷങ്ങളില്‍ അല്‍പ്പനേരം.................
അറബികടലില്‍ നിന്നും മയ്യഴി പുഴയെ തഴുകാന്‍ വരുന്ന കാറ്റ് ഞങ്ങളെ തലോടി കടന്നു പോകുമ്പോള്‍ എന്നെയും, ഉണ്ണിയേയും മയ്യഴിതീരം വിശ്രമത്തിനായി ക്ഷണിച്ചിരുന്നു. ആ നിമിഷങ്ങളില്‍ ഞങ്ങളറിഞ്ഞിരുന്നില്ല. പ്രിയപെട്ട സുഹ്ര്‍ത്ത് സുനില്‍ ആ കടല്‍തിരമാലകള്‍ക്കുള്ളില്‍ ജീവനു വേണ്ടി പിടയുകയായിരുന്നുവെന്ന്!......
ബസ് ഏറെ ദൂരം പിന്നിട്ട് കഴിഞ്ഞിരിയ്ക്കുന്നു. ഞാന്‍ കുപ്പിയില്‍ അവശേഷിച്ചിരുന്ന വെള്ളം വീണ്ടും കുടിച്ചു.
ബസില്‍ നിന്നും ഞാനാ ബോര്‍ഡ് കണ്ടു. മാഹിയുടെ സ്വാഗതബോര്‍ഡ്... മാഹിയെത്തി ചേര്‍ന്നിരിയ്ക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്നില്‍ ഒരുള്‍ക്കിടിലമുണ്ടായി.
റോഡില്‍ നല്ല തിരക്കുണ്ട്. മാഹിപള്ളിയിലേയ്ക്ക് പോകുന്നവരാകാം. റോഡിനിരുവശവും മദ്യശാലയുടെ നീണ്ട നിര. ബസ് മാഹിപള്ളിയും കടന്ന് പാലത്തിലേയ്ക്ക് പ്രവേശിച്ചു.
പാലത്തിനടിയില്‍ ശാന്തമായി മയ്യഴി പുഴ അറബികടലിലേയ്ക്ക് ലയിയ്ക്കുന്നു. ഒരു നിമിഷം ഞാന്‍ ഓര്‍ത്തു പോയി. പ്രിയപെട്ട കൂട്ടുകാരനെ സമുദ്രത്തിന്റെ അഗാധതകളിലേയ്യ്ക്ക് വഹിച്ചുകൊണ്ടു പോയ ആ തിരമാലകള്‍ക്ക് ഒരിയ്ക്കല്‍കൂടി അവനെ ജീവനോടെ തിരികെ തരുവാന്‍ കഴിഞ്ഞുവെങ്കില്‍.......
പാലം കടന്ന് ബസ് ന്യൂമാഹിയിലെത്തുമ്പഴേയ്ക്കും ഞാനൊരു വിസ്മൃതിയില്‍ ലയിച്ചു കഴിഞ്ഞിരുന്നു.
ബസിലെ തിരക്ക് തെല്ലൊന്നു കുറഞ്ഞു.
ബസ് ന്യൂ മാഹിയില്‍ നിന്നും പുറപ്പെടാനുള്ള അറിയിപ്പ് വന്നു. ബസ് മുന്നോട്ടെടുത്തു തുടങ്ങിയപ്പോഴേയ്യ്ക്കും പുറത്ത് നിന്നും ഒരാള്‍ ഓടി കിതച്ച് ബസിന്റെ മുന്നിലേയ്ക്ക് കൈ വീശി. പൊടുന്നനെ ബസ് ബ്രേക്ക് ചെയ്ത് ആ മനുഷ്യനെയും കയറ്റി വീണ്ടും യാത്ര തുടര്‍ന്നു. എന്നിലൊരു ഞെട്ടലുണ്ടായി. ഞാന്‍ അയാളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി. തങ്ങളെ എന്നെന്നേയ്ക്കുമായി വിട്ടു പിരിഞ്ഞ സുനിലിന്റെ അതേ സാദൃശ്യമായിരുന്നു ആ മനുഷ്യനും. ഇമ വെട്ടാതെ അയാളെ ഞാന്‍ നോക്കിയിരിയ്ക്കേ, ഒരു സീറ്റിനായി പരതിയ അയാള്‍ യാദൃശ്ചീകമെന്നോണം എന്റെ സമീപം വന്നിരുന്നു.
അപ്പോഴും അമ്പരപ്പ് മാറാത്ത എന്റെ മുഖത്ത് നോക്കി അയാള്‍ പുഞ്ചിരിച്ചു.
ഒരാളെ പോലെ സാമൃമുള്ള ഒന്‍പത് പേര്‍ ഉണ്ടാവുമെന്ന പഴമൊഴി സ്മരിച്ച് ഞാന്‍ സമാധാനിച്ചു.
സമയം ഇപ്പോള്‍ മൂന്നുമണി കഴിഞ്ഞ് പത്ത് മിനുട്ടായിരിയ്ക്കുന്നു.
സഹയാത്രികന്‍ തന്റെ മൊബൈല്‍ ഫോണെടുത്ത് ആര്‍ക്കോ ഡയല്‍ ചെയ്തു. മറുഭാഗത്ത് നിന്നും പൃതികരണമുണ്ടായപ്പോള്‍ അയാള്‍ സംസാരിച്ചു തുടങ്ങി.
''ഹലോ...ഞ്ഞാന്‍..സുനിലാണു''..........
എന്നില്‍ പെട്ടെന്നൊരു ഞെട്ടലുണ്ടായി!
അയാള്‍ പിന്നെയും എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.
ഒരു നിമിഷത്തില്‍ എന്റെ ശ്വാസം പോലും നിലച്ചു പോയി. സംഭാഷണം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ജിജ്ജാസപൂര്‍വ്വം തിരക്കി.
''സുനില്‍1....
ഒരു ബിസിനസ് എക്സിക്യൂട്ടീവിന്റെ സാമാന്യ മര്യാദയോടെ ഒരു ഹസ്തദാനത്തിനായി കൈ നീട്ടി കൊണ്ടയാള്‍ പറഞ്ഞു.''യെസ്''...
അമ്പരപ്പോടുകൂടി ഞാനയാള്‍ക്ക് തിരിച്ച് ഹസ്തദാനം നല്‍കി. ഇപ്പോള്‍ തന്റെ മുഖത്തേയ്ക്കും അയാള്‍ സൂക്ഷിച്ച് നോക്കുന്നുണ്ടായിരുന്നു. എവിടെയോ കണ്ടു മറന്ന ഒരു മുഖം ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കും പോലെ.
മനസിലാക്കിയ മട്ടില്‍ അയാള്‍ ചോദിച്ചു.''വിനോദ് ജോണ്‍''....?
''അതെ''...ഞ്ഞാന്‍ പറഞ്ഞു.
പിന്നെ ക്ഷമാപണങ്ങള്‍,ക്ഷേമാന്യേഷണങ്ങള്‍...
ശേഷം ആ പഴയ ദുരാനുഭവങ്ങളുടെ കഥ ഞാനയളോട് വിവരിച്ചു.
എല്ലാം കേട്ടു കഴിഞ്ഞ അയാള്‍ അവസാനം ഒന്നു പൊട്ടിചിരിച്ചു.
''താങ്കള്‍ പറഞ്ഞത് ഏകദേശം ശരിയാണു പക്ഷെ...അവസാനം പറഞ്ഞ മാഹിയിലെ ദുരന്തം. താങ്കളേതൊ ദുസ്വപ്നം കണ്ടതാവാം''...
അയാള്‍ വീണ്ടും ഒന്നു പൊട്ടിചിരിച്ചു.
എനിയ്ക്ക് പിന്നീട് വന്നത് ദേഷ്യമാണു. ഞാന്‍ അയാളെ രൂക്ഷമായൊന്നു നോക്കി.
പിന്നീട് ഞങ്ങള്‍ ഒന്നും തന്നെ സംസാരിച്ചില്ല.
നഗരത്തിന്റെ നിലയ്ക്കാത്ത ശ്ബ്ദകോലാഹലങ്ങള്‍ കേട്ടാണു പിന്നീട് ഞാനുണര്‍ന്നത്.
ബസ് കണ്ണൂരിലെത്തി ചേര്‍ന്നിരിയ്ക്കുന്നു.
സീറ്റില്‍ എന്റെ സമീപത്ത് ആരുമുണ്ടായിരുന്നില്ല.
അപ്പോള്‍ അങ്ങ് മാഹിയില്‍ മയ്യഴിപുഴ ശാന്തമായി ഒഴുകികൊണ്ടിരുന്നു.

Monday, January 24, 2011


Sunday, January 23, 2011

നിലാവ് ദൂരെ... -കഥ

നിലാവ് വിരിച്ച പാതയോരത്തേയ്യ്ക്ക് കണ്ണും നട്ട് കൊച്ചുകല്ല്യാണി ജോലി കഴിഞ്ഞെത്തുന്ന അഛനെയും പ്രതീക്ഷിച്ച് ഉമ്മറകോലായില്‍ കാത്തിരുന്നു.
മുറ്റത്ത് തുളസിതറയില്‍ സന്ധ്യാദീപം എരിഞ്ഞു കൊണ്ടിരുന്നു.
അകത്ത് മുറിയില്‍ നിന്നും ചങ്ങലയുടെ കിലുക്കം. അമ്മ ഉറങ്ങിയിട്ടില്ല. ഇട്യ്യ്ക്കിട്യ്യ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
''എടീ...നിന്റെ തന്ത വന്നില്ല്യേടീ... ഇതുവരെ''.
അകത്തുനിന്നും അമ്മയുടെ ചോദ്യം.
അവള്‍ മറുപടി ഒന്നും തന്നെ പറഞ്ഞില്ല.
ഒരു വീഴ്ചയില്‍ തലയ്ക്കേറ്റ ക്ഷതമാണു അമ്മയെ ഇത്തരത്തിലൊരു മനോരോഗിയാക്കിയത്. ഇപ്പോള്‍ അഞ്ച് വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ആശുപത്രിയിലും കുറെ ചികിത്സിച്ചു പിന്നെ ആശുപത്രി അധൃകൃതരുടെ ഉപദേശപ്രകാരം വീട്ടിലേയ്ക്ക് കൊണ്ട് പോന്നു. ഈ വിഷമതകളിലാണു സര്‍ക്കാര്‍ ഓഫീസിലെ ജീവനക്കാരനായ അഛന്‍ ഒരു മദ്യപാനിയായതും. ഇന്നും അഛന്‍ കുടിച്ചിട്ടുണ്ടാവും അതാണു ഇത്രയും താമസിയ്ക്കുന്നത്.
അവള്‍ തന്റെ മുറിയിലേയ്യ്ക്ക് പോയി.
ആ നാട്ടില്‍ തന്നെയുള്ള മോഹനനുമായി അവളുടെ വിവാഹം പറഞ്ഞു വെച്ചിരിയ്ക്കുകയാണു. ഗള്‍ഫിലുള്ള മോഹനന്‍ ഇനി ആറു മാസം കഴിഞ്ഞെത്തും. ശേഷം ഇവര്‍ തമ്മില്‍ വിവാഹിതരാകും.
അവള്‍ പതിയെ കട്ടിലില്‍ കിടന്നു. ഇപ്പോഴും അമ്മയുടെ മുറിയില്‍ നിന്ന് ചില ശബ്ദങ്ങള്‍ ഇപ്പോഴും കേള്‍ക്കാം...
കൊച്ചുകല്ല്യാണിയുടെ കണ്ണുകളില്‍ നിദ്ര പതിയെ തഴുകി.
''മോളേ കൊച്ചൂ.......''പുറത്ത് നിന്ന് അഛന്റെ കുഴഞ്ഞ സ്വരം. പാതിമയക്കത്തില്‍ നിന്നും കൊച്ചുകല്ല്യാണി ഞെട്ടിയെണീറ്റു. ചില അടക്കിപിടിച്ച സംസാരവും കേള്‍ക്കാമായിരുന്നു.
അവള്‍ വാതില്‍ തുറന്നു. പുറത്ത് ആടി കുഴഞ്ഞ് അഛന്‍. ഒപ്പം മറ്റൊരാള്‍കൂടിയുണ്ടായിരുന്നു.ആദ്യം മനസിലായില്ലങ്കിലും അയാള്‍ വെളിച്ചത്തിലേയ്ക്ക് വന്നപ്പോള്‍ തിരിച്ചറിഞ്ഞു. 'രാമനുണ്ണിമാമന്‍'. അഛന്റെ ആത്മസ്നേഹിതന്‍.വളരെ പ്രഗല്‍ഭനായ നാടക സംവിധായകനും,രചയിതാവുമായ അദ്ദേഹം ഒരു ദാമ്പത്യപരാജയത്തെ തുടര്‍ന്ന് പിന്നീടൊരു വിവാഹ ജീവിതത്തിനു മുതിരാതിരുന്ന അയാള്‍ക്ക് വയസ്സ് അമ്പതിനോടടുത്തിരുന്നു. മകളെന്നപോലെ വാല്‍സല്ല്യമാണു കൊച്ചുകല്ല്യാണിയോട്.അഛനെ പോലെ ഒരിയ്ക്കലും മദ്യപിയ്ക്കുമായിരുന്നില്ല. ബന്ധുജനങ്ങളുമായി അകന്നു കഴിഞ്ഞിരുന്ന അവര്‍ക്ക് അദ്ദേഹത്തിന്റെ സാനിധ്യം ഒരു ആശ്വാസമായിരുന്നു. ഇടയ്ക്ക് വരുമ്പോഴൊക്കെ ഒരുപാട് സമ്മാനങ്ങള്‍ കൊണ്ടു വരും.
''മോളേ... അഛനൊരല്‍പ്പം കഴിച്ചു...''വീണ്ടും അഛന്റെ കുഴഞ്ഞ സ്വരം.
രാമനുന്‍ണ്ണിമാമന്‍ അഛന്റെ കൈ പിടിച്ച് വീടിനകത്തേയ്യ്ക്കാനയിച്ചു. പരിഭവത്താല്‍ അവളങ്ങനെ തന്നെ നിന്നു. അമ്മ ഇതിനകം ഉറക്കം പിടിച്ചിരുന്നു.
ദിവസങ്ങള്‍ മാസങ്ങള്‍ അങ്ങനെ കടന്നു പോയി....
കലണ്ടറില്‍ അവള്‍ അക്കങ്ങള്‍ക്ക് അടിവരെയിട്ടു കൊണ്ടിരുന്നു.മോഹനന്‍ അവധിയ്ക്ക് വരാന്‍ ഇനി നാലു മാസം ബാക്കി.
രാമനുണ്ണിമാമന്‍ ഇടയ്ക്കിടെ വന്നു പോയി. അമ്മയ്ക്കും വലിയ കാര്യമാണു മാമനെ. കൊണ്ട് വരാറുള്ള സാധനങ്ങളില്‍ അമ്മയ്ക്കുമൊരു പങ്കുണ്ടാവും.ഇരുവരും ഒരുപാട് വര്‍ത്തമാനങ്ങള്‍ പറയും. അമ്മയ്ക്കപ്പോള്‍ ഒരസുഖവുമുണ്ടന്ന് തോന്നുകേയില്ല. ഒരു സഹോദരനെന്ന പോലെ അമ്മയ്ക്കും വലിയ ഇഷ്ട്മാണു മാമനെ.
പിന്നീടും ഒരു ദിവസം അഛന്‍ വളരെ വൈകി. കാത്തിരുന്ന് അവളുടെ കണ്ണു കഴച്ചു.അമ്മയ്ക്ക് ഭക്ഷണവും,മരുന്നും കൊടുത്ത ശേഷം അവള്‍ പതിവു പോലെ പാതയോരത്തേയ്യ്ക്ക്ക്ക് മിഴികള്‍ നട്ടു. ഏറെ നേരം കഴിഞ്ഞിട്ടും അമ്മ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. പതിയെ അവള്‍ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
രാത്രിയുടെ യാമങ്ങളില്‍ പുറത്ത് മഞ്ഞ് പെയ്യുന്നുണ്ടായിരുന്നു. ഉറക്കത്തിലെപ്പോഴോ വീടീനു പുറത്ത് റോഡില്‍ ഒരു വാഹനത്തിന്റെ ശബ്ദം കേട്ടാണു അവള്‍ ഉണര്‍ന്നത്. പൊടുന്നനെ അവള്‍ എഴുന്നേറ്റ് ജാലക പാളിയിലൂടെ പുറത്തേയ്ക്ക് നോക്കി. ആ ഇരുട്ടിലും നിഴലുപോലൊരാള്‍ വീടിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടന്ന് വരുന്നുണ്ടായിരുന്നു.അവള്‍ വല്ലാതെ ഭയപെട്ടു. ആ രൂപം മുറ്റത്തേയ്ക്ക് പ്രവേശിച്ചപ്പോള്‍ അരണ്ട വെളിച്ചത്തില്‍ അയാളുടെ മുഖം വ്യക്തമായി രാമനുണിമാമനാണു വന്നിരിയ്ക്കുന്നത് അവളില്‍ വല്ലാത്തൊരമ്പരപ്പുണ്ടായി. 'അഛനും ഇതുവരെ വന്നിട്ടില്ലേ' അവള്‍ മുറിയിലെമ്പാടുമൊന്നു പരതി. അവളില്‍ അമ്പരപ്പ് വിട്ടു മാറിയിരുന്നില്ല.
വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. അമ്മ അപ്പോഴും ശാന്തമായി ഉറങ്ങുകയായിരുന്നു. അവള്‍ ചെന്ന് വാതില്‍ തുറന്നു.അയാളുടെ മുഖത്ത് ഒരു തരം ദയനീയത നിഴലിച്ചിരുന്നു. ആ ഭാവത്തിലും ചെറുതായൊന്ന് പുഞ്ചിരിയ്ക്കാന്‍ ശ്രമിച്ചു കൊണ്ടയാള്‍ അകത്തേയ്ക്ക് വന്നു. ''അഛന്‍....''?
അയാള്‍ മുഖം താഴ്ത്തി.
''വിഷമിയ്ക്കരുത്... അഛന്‍...................'' അത്രയും പറയുന്നതിനു മുമ്പേ അവള്‍ ചോദിച്ചു.
''എന്താ എന്തു പറ്റിയെന്റെയഛന്‍....''
''ഒന്നുമില്ല ചെറിയൊരപകടം.....''ദു;ഖഭാരത്തോടെ അയാള്‍ അത്രയും പറഞ്ഞു.
''എന്താ...മാമാ എന്താ പറ്റിയെ.......''തികട്ടി വന്ന സങ്കടം ഉള്ളില്‍ ഉള്ളില്‍ ഒതുക്കി അവള്‍ തിരക്കി.
''ജോലി കഴിഞ്ഞ് വരുന്ന വഴിയ്ക്ക് പിന്നിലൂടെ വന്ന ഒരു വാന്‍ തട്ടി വീഴ്ത്തുകയായിരുന്നു.....ഇപ്പോള്‍ ആശുപത്രിയിലാണു...നാളെ രാവിലെ വരും...''
പിന്നെ അവള്‍ ഒന്നും ചോദിച്ചില്ല.
അയാള്‍ക്ക് കടുംകാപ്പി ഉണ്ടാക്കി നല്‍കി അവള്‍ തന്റെ മുറിയിലേയ്ക്ക് പോയി. നേരം പുലരാന്‍ ഇനിയും സമയം ബാക്കിയുണ്ടായിരുന്നു.രാമനുണ്ണിമാമന്‍ തന്റെ മൊബൈല്‍ ഫോണില്‍ ആരോടോ എന്തൊക്കെയൊ സംസാരിച്ചു കൊണ്ടിരുന്നു.
പുലര്‍ച്ചെ. അയല്‍ വാസികളും,ചില ബന്ധുജനങ്ങളും വന്നു. എല്ലാവരുടേയും മുഖത്ത് ഒരുതരം ദു:ഖം നിഴലിച്ചിരുന്നു. രാമനുണ്ണിമാമന്‍ അടക്കിപിടിച്ച് എന്തൊക്കെയോ സംസാരിയ്ക്കുന്നുണ്ട്.
സമയം ഇഴഞ്ഞ് നീങ്ങി കൊണ്ടിരുന്നു.അവള്‍ ഇടയ്ക്കിടെ രാമനുണ്ണിമാമന്റെ മുഖത്തേയ്ക്ക്ന്‍ നോക്കി.
സമയം ഒന്‍പത് മണിയോടടുത്തു.രാമനുണ്ണിമാമന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. മാമ്മന്റെ മുഖം കൂടുതല്‍ ദു:ഖപൂര്‍ണ്ണമായി. അയാള്‍ അവള്‍ക്കരികിലെത്തി. അവളുടെ ചുമലില്‍ പിടിച്ച് മുഖം പിടിച്ചുയര്‍ത്തി.
''എല്ലാം സഹിയ്ക്കണം...വിധിയെ തടുക്കാന്‍ നമുക്കാര്‍ക്കും കഴിയില്ല...'' ഗദ്ഗദത്താല്‍ അയാള്‍ പറഞ്ഞ് മുഴുമിപ്പിയ്ക്കും മുമ്പെ അകലെനിന്നും ഒരു ആമ്പുലന്‍സ് സൈറന്‍ മുഴക്കി വീട്ടുമുറ്റത്തേയ്ക്ക് വന്നു.അവള്‍ മുന്നില്‍ കാണുന്നത് വിശ്വസിയ്ക്കാന്‍ കഴിയാത്തത് പോലെ കണ്ണ് മിഴിച്ചങ്ങിനെ നിന്നു. പിന്നെ അതൊരു പൊട്ടികരച്ചിലായി മാറാന്‍ അധികസമയം വേണ്ടി വന്നില്ല. അവിടെ കൂടി നിന്നവരുടേയും മിഴികള്‍ നിറഞ്ഞിരുന്നു. ചില സ്ത്രീകള്‍ ചേര്‍ന്ന് വീടിനകത്തേയ്ക്ക് കൊണ്ടു പോയി. ഇതിനകം തന്നെ വലിയൊരു ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു.
രാമനുണ്ണി എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിച്ചു.
വിതുമ്പലുകള്‍...അലമുറകള്‍,തേങ്ങലുകല്‍....ചന്ദനതിരിയുടെ രൂക്ഷഗന്ധത്തില്‍ നിന്ന് അന്നത്തെ പകലിന്റെ പട്ടടയ്ക്കുമൊപ്പം അഛന്റെ ചിത കത്തിയമര്‍ന്നു.
ഒരു മഴക്കാലം...
പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്ത് പെയ്യുന്ന മഴയിലേയ്ക്ക് അമ്മ കണ്ണും നട്ടിരുന്നു. അമ്മയിപ്പോള്‍ ആകെ മാറിയിരിയ്ക്കുന്നു. പഴയതു പോലെ സംസാരിയ്ക്കില്ല. എന്തെങ്കിലും ചോദിച്ചാല്‍ ഒരു പുഞ്ചിരി മാത്രം മറുപടി.
കൊച്ചുകല്ല്യാണിയ്ക്ക് അഛന്റെ മരണാന്തരം അവള്‍ക്ക് അടുത്തു തന്നെയുള്ള വില്ലേജോഫീസില്‍ ജോലി ലഭിച്ചു. ഉത്തരവാദിത്തമുള്ള ഒരു കാരണവരെ പോലെ അവളാണു വീടിന്റെ ആശ്രയം എല്ലാറ്റിനും സഹായമായി ഇടയ്ക്കിടെ രാമനുണ്ണിമാമനും എത്തും.
രാമനുണ്ണിയുടെ ഇത്തരം സാനിധ്യം യാതൊരു സഹകരണവുമില്ലാത്ത കുടുമ്പാംഗങ്ങള്‍ക്കിടയില്‍ എതിര്‍പ്പുകളുണ്ടായിരുന്നു എങ്കിലും അഛന്റെ അഭാവത്താല്‍ അദ്ദേഹം ഒരാശ്രയം തന്നെയായിരുന്നു.
അഛനോടുള്ള അതേ സ്നേഹവും,ബഹുമാനവും അവള്‍ രാമനുണ്ണിമാമനു നല്‍കി.
മോഹനന്‍ കമ്പനിയിലെ ചില പ്രശ്നങ്ങളുമായി ബന്‍ധപെട്ട് അവധിയ്ക്ക് വരുന്നത് അല്‍പം കൂടി നീട്ടിയിരുന്നു.
ഒരിയ്ക്കല്‍ മോഹനനുമായുള്ള വിവാഹത്തെ കുറിച്ച് രാമനുണ്ണി അവളുമായി സംസാരിച്ചു. പക്ഷേ അവളുടെ മറുപടി മറ്റൊന്നയിരുന്നു.
''എനിയ്ക്കിനി പ്രതീക്ക്ഷകളില്ല മാമാ...''
''എന്താണു കുട്ടീ....നിന്റെ ഭാവി!....''അയാള്‍ ചോദിച്ചു.
''മാമനു എല്ലാം അറിയില്ലേ....അമ്മയ്ക്ക് ഇനി ഞാനല്ലാതെ ആരാണുള്ളത്''.അവളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
പിന്നെയാള്‍ അതേകുറിച്ചൊന്നും സംസാരിച്ചില്ല.
നാട്ടിലെ ചിലര്‍ കാമവെറി നിറഞ്ഞ കണ്ണുകളോടെ അവളെ നോക്കുന്നുണ്ടായിരുന്നു. ചിലര്‍ പ്രേമാഭ്യര്‍ഥനകളുമായി വന്നു. പക്ഷേ.. എല്ലാറ്റിനെയും അതിജീവിയ്ക്കുവാനുള്ള കരുത്ത് അവള്‍ ഇതിനകം തന്നെ നേടി കഴിഞ്ഞിരുന്നു.
രാത്രിനേരങ്ങളില്‍ ഒരു കരിയില മുറ്റത്ത് കൊഴിഞ്ഞ് വീണാല്‍ തന്നെ അവള്‍ ജാഗരൂഗമായിരുന്നു. കളങ്കമില്ലാത്ത ഒരു സ്ത്രീയുടെ മാന്യത അവള്‍ എന്നും കാത്ത് സൂക്ഷിച്ചു.
അന്നൊരു ശനിയാഴ്ച്ച ദിവസം.
ഉച്ചയ്ക്ക് ശേഷം കൊച്ചുകല്ല്യാണി അവധിയെടുത്തു. ഓഫീസ് വിട്ട് അവള്‍ നടന്നു
അകാശമേഘങ്ങളില്‍ മഴയൊരുക്കം. അന്നവള്‍ കുടയെടുത്തിരുന്നില്ല. അവള്‍ വീട്ടിലേയ്ക്കുള്ള വഴിയിലൂടെ വേഗം നടന്നു.വീടെത്തുന്നതിനു മുമ്പെ മഴ ശക്തിയായി പെയ്തു. അവള്‍ നനഞ്ഞ് കുളിച്ചു. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ശരീരത്ത് ഒട്ടിചേര്‍ന്നു.
അവള്‍ ഓടി വീട്ടിലേയ്ക്കെത്തുമ്പോള്‍.വീട്ടുവരാന്തയില്‍ മഴയുടെ സൗന്ദര്യം വീക്ഷിച്ചുകൊണ്ട്. രാമനുണ്ണിമാമന്‍ ഇരുപ്പുണ്ടായിരുന്നു.അവളില്‍ ഒരു തരം ജാള്യതയുണ്ടായി. അത് മറച്ചുകൊണ്ടവള്‍ ചോദിച്ചു.
''മാമന്‍ എപ്പൊള്‍ വന്നു''...
''ഒരു അരമണിയ്ക്കൂര്‍ മുമ്പ്''...ഒരു പുഞ്ചിരിയൊടു കൂടി അയാള്‍ പറഞ്ഞു.
''മൊളേ''..... അകത്ത് നിന്നും അമ്മയുടെ പതിഞ്ഞ ശബ്ദം.
''രാമനുണ്ണിക്ക് കടുംകാപ്പി ഇട്ട് കൊട്...നല്ല തണുപ്പ്''...
''മാമനകത്തിരിയ്ക്ക്. ഞാന്‍ ചായയുണ്ടാക്കാം...'' അത്രയും പറഞ്ഞ ശേഷം സാരിതലപ്പുകൊണ്ട് കൈയ്യും മുഖവും തുടച്ചുകൊണ്ട് അവള്‍ അകത്തേയ്ക്ക് പോയി.
പുറത്ത് മഴയുടെ ശക്തി കൂടി. നല്ല കാറ്റുമുണ്ടായിരുന്നു. ഒപ്പം ഇടയ്ക്കിടെ കൊള്ളിയാന്‍ മിന്നി. തണുത്ത് വിറച്ച് അമ്മ കട്ടിലില്‍ ചുരുണ്ട് കൂടി.
കൊച്ചുകല്ല്യാണി തന്റെ വസ്ത്രങ്ങള്‍ ഓന്നൊന്നായി മാറ്റുകയായിരുന്നു. വാതില്‍ പതിയെ ചാരിയിരുന്നതേയുള്ളൂ. തന്റെ തൊട്ടു പിന്നില്‍ ഒരു നിഴലനങ്ങിയതുപോലെ അവള്‍ക്ക് തോന്നി. അവള്‍ പെട്ടെന്ന് തിരിഞ്ഞു. രാമനുണ്ണിമാമന്‍! അവളൊന്നമ്പരന്നു. രാമനുണ്ണി അവളുടെ ചുമലില്‍ പതിയെ കൈ വെച്ചു.
''മോളേ...'' അയാളുടെ കണ്ണുകളില്‍ ഒരു പ്രത്യേകഭാവം മിന്നി നിന്നിരുന്നു. അയാള്‍ അവളെ തന്റെ നെഞ്ചോടു ചേര്‍ത്തു. മഴയില്‍ നനഞ്ഞ അവളുടെ ശരീരം അയാളുടെ ശരീരത്തോട് പറ്റി ചേരുമ്പോള്‍ അയാള്‍ ധരിച്ചിരുന്ന ജുബയും നനഞ്ഞു.
ഒന്നു കുതറി മാറാന്‍ അവള്‍ ശ്രമിച്ചു പക്ഷെ അയാളുടെ കൈകള്‍ക്കൊരു പ്രത്യേകകരുത്തായിരുന്നു അപ്പോള്‍.
പുറത്ത് ശക്തിയായി പെയ്തു കൊണ്ടിരുന്ന മഴ തെല്ലൊന്ന് ശമിച്ചു. ഇപ്പോള്‍ മഴതുള്ളികള്‍ നിലത്ത് പതിയ്ക്കുന്നതിന്റെ നേരിയ ശബ്ദം മാത്രം.
അകത്ത് കട്ടിലില്‍ വാടിയ ഒരു മുല്ലമൊട്ട് പോലെ തളര്‍ന്ന് കൊച്ചുകല്ല്യാണി കിടന്നു. ഒപ്പം രാമനുണ്ണിയും.അവളുടെ മുടിയിഴകള്‍ അലസമായി കിടന്നിരുന്നു. നെറ്റിയില്‍ ചാര്‍ത്തിയിരുന്ന സിന്ദൂരപൊട്ട് പാതി മാഞ്ഞിരിയ്ക്കുന്നു.
ഒരു കുറ്റബോധത്തോടെ അയാള്‍ എഴുന്നേറ്റു.
''തെറ്റാണു ഞാന്‍ ചെയ്തത്....സ്വന്തം മകളെ പോലെ സ്നേഹിച്ച മോളേ.. ഞാന്‍...എനിയ്ക്കറിയില്ല എനിയ്ക്കെന്താണു സംഭവിച്ചതെന്ന്....'' അയാള്‍ക്ക് വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി കിടന്നു.അവള്‍ അയാളുടെ മുഖത്തേയ്ക്ക് നോക്കി ആ നോട്ടം താങ്ങാനുള്ള ശേഷി അയാള്‍ക്കുണ്ടായിരുന്നില്ല.
അയാള്‍ പതിയെ മുറിയുടെ വാതില്‍ ചാരി പുറത്തേയ്യ്ക്കു പോയി.
പുറത്ത് ഒരു കൊള്ളിയാന്‍ മിന്നി. അടുത്ത മഴയുടെ ആരവം. ആ മഴയ്ക്കൊപ്പം കൊച്ചുകല്ല്യാണിയും തേങ്ങി കരഞ്ഞു.

Tuesday, January 18, 2011